അഞ്ഞൂറ് രൂപയൊക്കെയാണ് തരുന്നത്, ഏഴ് വര്ഷം ജൂനിയർ ആർട്ടിസ്റ്റായി നടന്നു, ആക്ഷൻ ഹീറോ ബിജുവിന് ശേഷം ജൂനിയർ ആർട്ടിസ്റ്റായി ആരും വിളിച്ചില്ല: ബേബി
വ്യത്യസ്തമായ കഥാ സന്ദർഭങ്ങൾകൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച സിനിമയാണ് ആക്‌ഷൻ ഹീറോ ബിജു. നിമിഷ നേരത്തേക്ക് മാത്രം വന്നിട്ടുപോയ പുതുമുഖങ്ങളും പ്രേക്ഷകർക്ക് മറക്കാനാവാത്ത അനുഭവങ്ങൾ സമ്മാനിച്ചു. പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളെ കേരളം ഏറ്റെടുത്തതാണ്. സിനിമ ജീവിതത്തിലെ തങ്ങളുടെ അനുഭവങ്ങളെപ്പറ്റി സംസാരിക്കുകയാണ് നടിമാരായ ബേബിയും മേരിയും.
ജൂനിയർ ആർട്ടിസ്റ്റായിട്ട് അഭിനയിച്ചപ്പോൾ ആദ്യകാലങ്ങളിൽ 200 രൂപയാണ് ശമ്പളം ഉണ്ടായിരുന്നതെന്ന് ബേബി പറഞ്ഞു. ഏഴുവർഷം ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ടെന്നും അവസാനമായി വർക്ക് ചെയ്തപ്പോൾ 500 രൂപയാണ് കിട്ടിയതെന്നും ബേബി പറഞ്ഞു. മാസ്റ്റർബിൻ ഒഫീഷ്യലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ജൂനിയർ ആർട്ടിസ്റ്റ് ആയിട്ട് അഭിനയിക്കാൻ പോകുമ്പോൾ ആദ്യമൊക്കെ 500 രൂപയാണ് കിട്ടിയിരുന്നത്. 200 രൂപ ശമ്പളം ഉണ്ടായിരുന്നപ്പോൾ മുതൽ പോയിത്തുടങ്ങിയതാണ്. അത് പിന്നെ കൂടി 500 ആയി. അപ്പോഴേക്കും ഞാൻ തിരിച്ച് പോരുകയും ചെയ്തു. ഏഴ് വർഷം ഞാൻ ജൂനിയർ ആർട്ടിസ്റ് ആയിട്ട് നടന്നു. ആർക്കും അറിയില്ല ആർട്ടിസ്റ്റ് ആണെന്ന്. കാരണം ആരും കാണുന്നില്ലല്ലോ.
ഞാൻ മക്കളെ കൂട്ടിക്കൊണ്ട് സിനിമ കാണാൻ പോകും. ‘മക്കളെ അമ്മ ഈ സിനിമയിൽ ഉണ്ട്’ എന്നൊക്കെ പറയും. സ്‌ക്രീനിൽ കാണാൻ പറ്റാറില്ല. സാരിയുടെ നിറം ഒക്കെ വെച്ച് കുട്ടികളെ കാണിച്ചു കൊടുക്കും. പിള്ളേരോട് പറയുമ്പോൾ സിനിമയിൽ അഭിനയിക്കാൻ പോയിട്ട് ഇത്രയും ചെറിയ വേഷം ചെയ്തിട്ട് വന്നേക്കുവാണെന്നൊക്കെ പറഞ്ഞ് അവർ കളിയാക്കും. അപ്പോൾ സങ്കടപ്പെട്ട് പോരും. കാരണം സിനിമയിൽ അഭിനയിക്കാൻ പോകുമ്പോൾ നമ്മൾ ഓർക്കുന്നത് നമ്മളെ കാണിക്കും എന്നാണ്. പക്ഷെ കാണിക്കില്ല. ഇത്രയും ആളുകൾ അഭിനയിക്കുന്ന സിനിമയിൽ നമ്മളെ ഒരാളെ എങ്ങനെയാണ് കാണിക്കുന്നത്? അത് അറിയില്ലലോ അന്നൊക്കെ. അന്ന് പിള്ളേരെ സിനിമ കാണാൻ കൊണ്ടുപോകും, അവർ ഇതുപോലെ കളിയാക്കുകയും ചെയ്യും,’ ബേബി പറഞ്ഞു.
ആക്ഷൻ ഹീറോ ബിജുവിന് ശേഷം ജൂനിയർ ആർട്ടിസ്റ്റായി അഭിനയിക്കാൻ ആരും വിളിച്ചിട്ടില്ലെന്നും ആ സിനിമയിൽ അഭിനയിക്കുന്നതിന് മുൻപ് എല്ലാ ദിവസവും സിനിമ ഉണ്ടായിരുന്നെനും ബേബി പറഞ്ഞു.
ആക്ഷൻ ഹീറോ ബിജുവിന് ശേഷം പിന്നെ ജൂനിയർ ആർട്ടിസ്റ് ആയി പോയിട്ടില്ല. അവർ ഇങ്ങോട്ട് വിളിച്ചുപറയുകയായിരുന്നു ഇനി വിളിക്കില്ലെന്ന്. കാരണം, ശ്രദ്ധിക്കപ്പെടുന്ന വേഷമാണ് ചെയ്തത്. അപ്പോൾ ജൂനിയർ ആർട്ടിസ്റ്റിനു കൊടുക്കുന്ന പ്രതിഫലം തന്നാൽ പോരെന്നും പറഞ്ഞു. ശെരിക്കും അന്ന് ആ റോൾ ചെയ്തത് ഒരു ദോഷമായിട്ടാണ് മാറിയിരിക്കുന്നത്. കാരണം ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിക്കുന്നതിന് മുൻപ് എന്നും സിനിമകൾ ഉണ്ടായിരുന്നു. അതിൽ നല്ല വേഷം ചെയ്തതുകൊണ്ട് ഇപ്പോൾ ജൂനിയർ ആർട്ടിസ്റ്റുകളായിട്ട് അഭിനയിക്കാൻ ആരും വിളിക്കുന്നില്ല,’ ബേബി പറഞ്ഞു.
Content Highlights: Actress Baby on Action Hero Biju Movie