കഥാപാത്രത്തിനായി ഞാന്‍ ചേരില്ലെന്ന് മമ്മൂക്ക പറഞ്ഞതുകൊണ്ടാണ് സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കിയത്: ബേബി അഞ്ജു
Entertainment news
കഥാപാത്രത്തിനായി ഞാന്‍ ചേരില്ലെന്ന് മമ്മൂക്ക പറഞ്ഞതുകൊണ്ടാണ് സിനിമയില്‍ നിന്ന് എന്നെ ഒഴിവാക്കിയത്: ബേബി അഞ്ജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 2nd October 2022, 4:36 pm

മലയാളികള്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ബേബി അഞ്ജു. ബാലതാരമായാണ് അഞ്ജു സിനിമയിലെത്തുന്നത്. അങ്ങനെയാണ് ബേബി അഞ്ജു എന്ന് വിളിക്കപ്പെട്ടത്.

പിന്നീട് നിരവധി സിനിമകളില്‍ നായികയായി. 1989ല്‍ കെ.പി കുമാരന്‍ സംവിധാനം ചെയ്ത രുഗ്മിണി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജുവിന് ലഭിച്ചു.മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമെല്ലാം നായികയായി ഒരുപാട് ചിത്രങ്ങളില്‍ അഞ്ജു അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി, മധു, ഭാനുപ്രിയ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 1991 ല്‍ പുറത്തിറങ്ങിയ അഴകന്‍ എന്ന ചിത്രത്തില്‍ നിന്നും തന്നെ മാറ്റി നിര്‍ത്താനുള്ള കാരണം മമ്മൂട്ടിയാണെന്ന് പറഞ്ഞിരിക്കുകയാണ് അഞ്ജു. അതിനുള്ള പ്രായശ്ചിത്തമായിട്ടാണ് തന്നെ കൗരവര്‍ സിനിമയില്‍ അദ്ദേഹത്തിന്റെ നായികയാക്കിയതെന്നും ബിഹൈന്‍വുഡ്‌സ് ഐസിനോട് അഞ്ജു പറഞ്ഞു.

”മമ്മൂക്ക എന്നെ ആദ്യം കണ്ടത് നീലഗിരി സിനിമയിലാണ്. കണ്ടപ്പോള്‍ അദ്ദേഹം ഷോക്കായിപ്പോയിരുന്നു. കാരണം അദ്ദേഹത്തിന്റെ മകളായി ഞാന്‍ അതിനുമുമ്പ് അഭിനയിച്ചിരുന്നു. എടീ നീ വളര്‍ന്നോ എന്നാണ് അദ്ദേഹം കണ്ടപ്പോള്‍ തന്നെ ചോദിച്ചത്.

നിനക്ക് അറിയുമോ അഴകന്‍ മൂവിയില്‍ നിന്നെ വേണ്ട എന്ന് പറഞ്ഞത് ഞാനാണ്, എന്ന് മമ്മൂക്ക എന്നോട് പറഞ്ഞു. അഴകന്‍ മൂവിയില്‍ മധുബാലയുടെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നു.

അവരോട് മമ്മൂട്ടിയാണ് പറഞ്ഞത് അവള്‍ ചെറിയകുട്ടിയാണ്, എന്റെ മോളായി അഭിനയിച്ചതാണ് അതുകൊണ്ട് ആ കഥാപാത്രത്തിനായി അവള്‍ സ്യൂട്ടാവില്ലെന്ന്. അങ്ങനെയാണ് മധുബാല ആ റോള്‍ എനിക്ക് പകരം ചെയ്യുന്നത്.

ഞാന്‍ അപ്പോഴും കുട്ടിയാണെന്ന് കരുതിയാണ് എന്നെ വേണ്ടെന്ന് പറഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. അതിന് എന്നോട് ക്ഷമയും ചോദിച്ചു, അടുത്ത സിനിമയായ കൗരവറില്‍ എന്നെ നായികയുമാക്കി. അപ്പോള്‍ തന്നെ മൂവിയുടെ എഗ്രിമെന്റ് ഒപ്പിട്ടു. നീലഗിരിയുടെ ഷൂട്ട് കഴിഞ്ഞ് നേരെ കൗരവരുടെ തിരുവനന്തപുരം ലൊക്കേഷനിലേക്ക് ഞങ്ങള്‍ പോയി,” ബേബി അഞ്ജു പറഞ്ഞു.

ജോഷിയുടെ 1992ല്‍ കൗരവര്‍ സംവിധാനം ചെയ്തത്. ലോഹിതാദാസാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരുന്നത്. കന്നഡ നടനായിരുന്ന വിഷ്ണുവര്‍ധനും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. കൂടാതെ തിലകന്‍, മുരളി, ബാബു ആന്റണി, ഭീമന്‍ രഘു എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

content highlight: Actress Baby Anju says that the reason why she was dropped from the film was because Mammootty said that she would not fit for the role