ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം അനുവദിച്ച് സുപ്രീംകോടതി. വിചാരണ കോടതി ജഡ്ജി നല്‍കിയ കത്ത് അംഗീകരിച്ചാണ് സുപ്രീം കോടതി ഉത്തരവ്.
ഇത് അവസാനത്തെ അവസരമാണെന്നും ഇനി അവസരമുണ്ടാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
പ്രത്യേക വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് കത്തെഴുതിയത്. ജനുവരി 16ന് എഴുതിയ കത്ത് ഹൈക്കോടതി രജിസ്ട്രാര്‍ ആണ് സുപ്രീം കോടതിയ്ക്ക് കൈമാറിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ സുപ്രീംകോടതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം വിചാരണ കോടതിയിലെ നടപടികള്‍ ഫെബ്രുവരി ആദ്യവാരം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്റെ ട്രാന്‍സ്ഫര്‍ പെറ്റീഷനുകളും പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി നിശ്ചിത സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്ന് വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.
രണ്ടാം തവണയാണ് വിചാരണ പൂര്‍ത്തിയാക്കാനുള്ള സമയം സുപ്രീം കോടതി നീട്ടി നല്‍കുന്നത്.
നടന്‍ ദിലീപ് പ്രതിയായ കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ജസ്റ്റിസുമാരായ എ. എം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ കാരണം വിചാരണ നീണ്ടുപോവുകയായിരുന്നു. ഇതിനിടയില്‍ വിചാരണ കോടതിയുടെ ആവശ്യത്തെ തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കാന്‍ 2020 ഓഗസ്റ്റില്‍ ആറ് മാസം കൂടി സുപ്രീം കോടതി അനുവദിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക