| Tuesday, 24th November 2020, 9:10 am

അറസ്റ്റിലായ സെക്രട്ടറി പ്രദീപ് കുമാറിനെ പുറത്താക്കിയതായി ഗണേഷ് കുമാര്‍ എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയ ആക്രമച്ച സംഭവത്തിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സെക്രട്ടറി പ്രദീപ് കുമാറിനെ പുറത്താക്കിയെന്ന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ. ഗണേഷ് കുമാറിന്റെ എം.എല്‍.എ ഓഫീസില്‍ സെക്രട്ടറിയായിരുന്നു പ്രദീപ് കുമാര്‍. അറസ്റ്റിന് പിന്നാലെയാണ് പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഇയാളെ പുറത്താക്കിയതായി ഗണേഷ് കുമാര്‍ അറിയിച്ചത്.

പ്രദീപ് കുമാര്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ചൊവ്വാഴ്ച രാവിലെ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പത്തനാപുരത്തെ ഗണേഷ് കുമാറിന്റെ എം.എല്‍.എ ഓഫീസിലെത്തിയായിരുന്നു ബേക്കല്‍ പൊലീസ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസര്‍ഗോഡേക്ക് കൊണ്ടുപോകും.

കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിന്റെ ബന്ധുവിനെ കാണാനായി പ്രദീപ് കുമാര്‍ കാസര്‍ഗോഡിലെ ജ്വല്ലറിയില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാച്ച് വാങ്ങാന്‍ മാത്രമാണ് പ്രദീപ് കുമാര്‍ ഇവിടെയെത്തിയതെന്നായിരുന്നു പ്രതിഭാഗം അറിയിച്ചത്.

പ്രദീപ്കുമാറടക്കമുള്ളവര്‍ പങ്കെടുത്ത എറണാകുളത്ത് വെച്ച് നടന്ന ഒരു യോഗത്തിന് ശേഷമാണ് മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ തീരുമാനിച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. സോളാര്‍ കേസില്‍ സരിതയെ സ്വാധീനിച്ച് മൊഴി മാറ്റാന്‍ ആവശ്യപ്പെട്ടയാളാണ് പ്രദീപ് കുമാറെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

2017 ഫെബ്രുവരി 18 നാണ് നടി ആക്രമിക്കപ്പെടുന്നത്. കേസില്‍ 2017 ജൂലൈ 10 ന് ദിലീപ് അറസ്റ്റിലായി. 85 ദിവസത്തെ ജയില്‍ വാസത്തിന് ശേഷം കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കേസില്‍ ഇതുവരെ 50 സാക്ഷികളെ വിസ്തരിച്ചു. കേസില്‍ സാക്ഷികളായവര്‍ കൂറുമാറിയതും ചര്‍ച്ചയായിരുന്നു.

കഴിഞ്ഞ ദിവസം നടിയെ ആക്രമിച്ച കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ.സുരേശന്‍ രാജി വെച്ചിരുന്നു. രാജി തീരുമാനം സര്‍ക്കാരിനെ അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് രാജി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Attacked Case, K B Ganesh Kumar MLA removes arrested secretary Pardeep Kumar from the staffs

We use cookies to give you the best possible experience. Learn more