കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ദിലീപിന് അയച്ച കത്തിന്റെ ഒറിജിനല്‍ കണ്ടെത്തി. സുനിയുടെ സഹതടവുകാരന്‍ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടില്‍ നിന്നാണ് കത്ത് കിട്ടിയത്.
2018 മെയ് 7 നായിരുന്നു ജയിലില്‍ നിന്ന് പള്‍സര്‍ സുനി കത്ത് എഴുതിയത്. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞ് കോടതിയില്‍ മാപ്പിരക്കും എന്നായിരുന്നു കത്തില്‍ പറഞ്ഞിരുന്നത്. അഭിഭാഷകരെയും സാക്ഷികളെയും വിലക്ക് എടുത്താലും സത്യം മൂടിവയ്ക്കാന്‍ ആകില്ല എന്നും കത്തിലുണ്ട്. കത്ത് ദിലീപിന് കൈമാറാന്‍ കഴിഞ്ഞിരുന്നില്ല.
ദിലീപിന്റെ അഭിഭാഷകന്‍ സജിത്തില്‍ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങള്‍ കഴിഞ്ഞു തിരിച്ചു നല്‍കുകയും ചെയ്യുകയായിരുന്നു. കത്തിന്റെ ആധികാരികത ഉറപ്പാക്കാന്‍ പള്‍സര്‍ സുനിയുടെ കയ്യക്ഷരത്തിന്റെ സാമ്പിള്‍ ശേഖരിച്ചു. കഴിഞ്ഞദിവസം ജയിലില്‍ എത്തിയാണ് അന്വേഷണ സംഘം സാമ്പിള്‍ ശേഖരിച്ചത്. ഈ സാമ്പിള്‍ ഉടന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.
കഴിഞ്ഞ ദിവസം സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. കേസില്‍ തുടരന്വേണം നടക്കുന്ന ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയാണ് നടപടി.
Content Highlights: Pulsar Suni’s original letter to Dileep found