| Friday, 18th December 2020, 12:22 pm

കൊച്ചിയില്‍ നടിയെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞു; സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പെലീസ് സ്വമേധയാ കേസെടുക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊച്ചിയില്‍ യുവ നടിയെ അപമാനിച്ചവരെ കണ്ടെത്തി. സൂപ്പര്‍മാര്‍ക്കറ്റിലെത്തി പൊലീസ് സി.സി. ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് പിന്നാലെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ദുരുദ്ദേശത്തോടെ തന്നെയാണ് രണ്ട് യുവാക്കള്‍ നടിയെ സമീപിച്ചതെന്ന് സി.സി. ടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കയ്യബദ്ധമല്ല സംഭവിച്ചതെന്നും മനപൂര്‍വം അവരെ ഉപദ്രവിക്കുക തന്നെയായിരുന്നുവെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. നടി തയ്യാറാണെങ്കില്‍ ഇന്ന് തന്നെ മൊഴിയെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്.

പ്രതികളെ കുറിച്ച് കൂടുതല്‍ അറിയാനായി കൂടുതല്‍ സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കും. ഇവര്‍ ഏത് വഴിയാണ് എത്തിയതെന്നും തിരിച്ചുമടങ്ങിയത് എങ്ങനെയെന്നും പരിശോധിച്ചുവരികയാണ്. പ്രതികള്‍ പോയ വാഹനങ്ങള്‍ ഏതെന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.

നടിയുമായി സംസാരിച്ചിട്ടുണ്ടെന്നും കേസുമായി മുന്നോട്ടുപോയാല്‍ എല്ലാ സഹകരണവും ഉണ്ടാകുമെന്നും നടിയെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി ഏഴ് മണിയോടെയായിരുന്നു കൊച്ചിയിലെ ഒരു മാളില്‍വെച്ച് യുവതി ആക്രമിക്കപ്പെട്ടത്. എന്നാല്‍ ആ സമയത്ത് പ്രതികരിക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും നേരിട്ട അനുഭവത്തിന്റെ ആഘാതത്തില്‍ മനസ് ശൂന്യമായിപ്പോയെന്നും നടി പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരോട് പറയേണ്ടിയിരുന്ന ആയിരം വാക്കുകള്‍ തന്റെ മനസിലുണ്ടെന്നും നടി ഇന്‍സ്റ്റഗ്രാമിലൂടെ പ്രതികരിച്ചു.

ഒരു സ്ത്രീയെന്ന നിലയില്‍ തളര്‍ത്തിക്കളയുന്ന അനുഭവമായിരുന്നു. അപമാനത്തിന് ശേഷവും മോശം കണ്ണുമായി സമീപിച്ചു. മോശം പെരുമാറ്റത്തിന് ശേഷം അവര്‍ സാധാരണ പോലെ നടന്നുപോയി. ഇനിയും അവര്‍ ഇത്തരത്തില്‍ തന്നെ പെരുമാറുമെന്ന് അറിയാം. അതുകൊണ്ടാണ് ഇതിപ്പോള്‍ തുറന്ന് എഴുതുന്നത്. ഇത്തരം അവസ്ഥകളിലൂടെ എല്ലാ സ്ത്രീകളും കടന്നുപോകുന്നുണ്ട്. സ്ത്രീകളുടെ സന്തോഷവും സമാധാനവും കവരുന്നവരെ വെറുക്കുന്നു. ഇനി ഇത്തരം അനുഭവം നേരിടുന്ന സ്ത്രീകള്‍ക്ക് എന്നേക്കാള്‍ ധൈര്യമുണ്ടാകട്ടെ, എന്നായിരുന്നു നടി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more