കൊച്ചി: നടിയെ ആക്രമിച്ച കേസിലെയും ദിലീപ് പ്രതിയായ വധഗൂഢാലോചനാ കേസിലെയും ആരോപണങ്ങള്‍ നിഷേധിച്ച് നടി കാവ്യ മാധവന്‍. ഇന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് തനിക്കെതിരായ ആരോപണങ്ങള്‍ കാവ്യ നിഷേധിച്ചത്.
കാവ്യയെ ഇന്ന് ക്രൈംബ്രാഞ്ച് നാലര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സൂരജിന്റെ ശബ്ദസന്ദേശം അടക്കമുള്ളവ നിരത്തിയായിരുന്നു ചോദ്യം ചെയ്തത്. നടിയെ ആക്രമിക്കാന്‍ കാവ്യയാണ് മുന്‍കൈ എടുത്തതെന്ന തരത്തിലുള്ളതായിരുന്നു ശബ്ദ സന്ദേശം. എന്നാല്‍ ഈ രണ്ടു കേസിലും തനിക്ക് അറിവോ പങ്കോ ഇല്ലെന്ന് കാവ്യ പൊലീസിനോട് പറഞ്ഞു. ദിലീപിന്റെ ആലുവയിലെ ‘പത്മസരോവരം’ വീട്ടില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ വൈകിട്ട് 4.40-ഓടെയാണ് അവസാനിച്ചത്.
നടിയെ ആക്രമിച്ച കേസിലെ സാക്ഷിയാണ് കാവ്യ മാധവന്‍. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് അടക്കം കാവ്യയെക്കുറിച്ച് പരാമര്‍ശിക്കുന്ന ശബ്ദരേഖകളാണ് അന്വേഷണസംഘം കണ്ടെടുത്തിരുന്നത്. ഇതോടെ കാവ്യ മാധവനെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനമെടുക്കുകയായിരുന്നു.
നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് അന്വേഷണസംഘം നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആലുവയിലെ വീട്ടില്‍വെച്ച് ചോദ്യം ചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടര്‍ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍ കാവ്യ മാധവന്‍ നിലപാടില്‍ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടില്‍വെച്ച് തന്നെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.
Content Highlights: Actress attack, Kavya Madhavan’s response