| Sunday, 26th February 2017, 11:27 am

നടിയെ ആക്രമിച്ച സംഭവം; കോയമ്പത്തൂരിലെ തെളിവെടുപ്പിനിടെ ഫോണ്‍ കിട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: നടിയെ ആക്രമിച്ച കേസില്‍ കോയമ്പത്തൂരില്‍ നടത്തിയ തെളിവെടുപ്പിനിടെ ഒരു സ്മാര്‍ട്‌ഫോണ്‍ കിട്ടി. നടിയുടെ ഫോട്ടോകളും ദൃശ്യങ്ങളും അടങ്ങിയ ഫോണ്‍ തന്നെയാണ് ഇത് എന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

സുനിയും വീജിഷും ഒളിവില്‍കഴിഞ്ഞ വീട്ടില്‍ നിന്നാണ് പൊലീസിന് ഫോണ്‍ ലഭിച്ചിരിക്കുന്നത്. ഇവിടെ നിന്ന് ഒരു ടാബും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അതേസമയം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായിട്ടില്ല.

പള്‍സര്‍ സുനി, ഉപേക്ഷിച്ച ഫോണിന്റെ അവസാന ലൊക്കേഷന്‍ തമിഴ്നാട്ടിലെ പീളമേട്ടിലെ ടവറിന് കീഴിലാണ് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം, ദൃശ്യങ്ങള്‍ കൂട്ടുപ്രതികളെക്കൂടാതെ കോയമ്പത്തൂരിലെ ചിലരെയും സുനി കാണിച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. ഒരുമിച്ചിരുന്നു മദ്യപിക്കുമ്പോള്‍ സുനി തന്നെ ദൃശ്യങ്ങള്‍ കാണിച്ചെന്ന് കൂട്ടുപ്രതിയായ മണികണ്ഠന്‍ നേരത്തെ സമ്മതിച്ചിരുന്നു.

എന്നാല്‍, ഇത് മറ്റെവിടേക്കെങ്കിലും പകര്‍ത്തിയോ എന്നതില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഇക്കാര്യം ചോദിച്ചെങ്കിലും സുനി കൃത്യമായ മറുപടി നല്‍കിയിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.


Dont Miss നടിക്കെതിരായ ആക്രമണത്തില്‍ ഗൂഢാലോചനയില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ല; കാളപെറ്റു എന്ന് കേള്‍ക്കുമ്പോഴേക്ക് കയറെടുക്കരുതെന്നും പിണറായി 


ഇതിനിടെ നടിയെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയില്ലെന്ന് പ്രതികള്‍ ആവര്‍ത്തിക്കുമ്പോഴും അക്കാര്യം പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. ഗൂഢാലോചനയെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

നടിയെ ആക്രമിക്കുന്ന രംഗം ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ കണ്ടെടുക്കണം. വിളിച്ചയാളുകളുടെ കൂടുതല്‍ വിവരങ്ങള്‍, അവരുമായി പ്രതികള്‍ക്കുള്ള ബന്ധം, കോയമ്പത്തൂരിലേക്ക് കടക്കാനും അവിടെ ഒളിവില്‍ കഴിയാനും ഒത്താശചെയ്തവരുടെ വിശദാംശങ്ങള്‍ എന്നിവയും അറിയേണ്ടതുണ്ട്.

We use cookies to give you the best possible experience. Learn more