ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചനാക്കേസ് തുടരാമെന്ന് കോടതി
Kerala News
ദിലീപിന് തിരിച്ചടി; വധ ഗൂഢാലോചനാക്കേസ് തുടരാമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 19th April 2022, 1:56 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഹരജി തള്ളി ഹൈക്കോടതി. കേസ് റദ്ദാക്കണമെന്ന ദിലീപിന്റെ ആവശ്യമാണ് കോടതി തള്ളിയത്. വധ ഗൂഢാലോചനാക്കേസ് തുടരാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റെയാണ് ഉത്തരവ്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

കേസ് റദ്ദാക്കിയിരുന്നെങ്കില്‍ ദിലീപിന് ആശ്വാസവും അന്വേഷണ സംഘത്തിന് വന്‍ തിരിച്ചടിയുമാകുമായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും ഗൂഢാലോചന നടത്തിയെന്ന കേസ് കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ കേസിന്റെ ഭാവി നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് വധഗൂഢാലോചനക്കേസ് രജിസ്റ്റര്‍ ചെയ്തത്.

ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ആലുവയിലെ ഹോട്ടലുടമ ശരത്, ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സഹായിച്ച സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ എന്നിവരാണ് മറ്റു പ്രതികള്‍.

 

Content Highlights: Actress Attack: Actress attack Court Rejected Dileep’s Plea