| Saturday, 22nd January 2022, 10:23 pm

പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല, മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് പിന്തുണയറിച്ചു: ബാചന്ദ്രകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന തന്റെ വെളിപ്പെടുത്തലിന് മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ പിന്തുണയറിച്ചിട്ടുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവര്‍ ചര്‍ച്ചാ പരിപാടിയിലാണ് ബാലചന്ദ്രകുമാര്‍ ഇക്കാര്യം പറഞ്ഞത്.

‘പ്രോസിക്യൂഷന്‍ സംരക്ഷണം നല്‍കിയില്ലെങ്കിലും ഏതറ്റം പോകാനും ഞാന്‍ തയ്യാറാണ്. ഭയം ലേശമില്ല. ഇനിയവര്‍ കൊന്നുകളയുമെന്ന് വിചാരിച്ചാല്‍, ഞാനിന്നലേ മരിച്ചെന്ന് കണക്കാക്കും.

പേര് പറയാന്‍ ആഗ്രഹിക്കുന്നില്ല. മലയാളത്തിലെ സൂപ്പര്‍ താരങ്ങളിലൊരാള്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ടുപോകാന്‍ അദ്ദേഹം പിന്തുണച്ചു. ഒരുപാട് താരങ്ങള്‍, അറിയുന്നവരും അറിയാത്തവരും മെസേജയക്കുന്നുണ്ട്. സംവിധായകരും നിര്‍മാതാക്കളുമടക്കം പിന്തുണ നല്‍കുന്നുണ്ട്. ഇന്നും എനിക്ക് മെസേജുകള്‍ വന്നിരുന്നു,’ അദ്ദേഹം പറഞ്ഞു.

അതേസമയം, ദിലീപും മറ്റ് പ്രതികളും അടുത്ത രണ്ട് ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞു. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ അടുത്ത രണ്ട് ദിവസം ദിലീപിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.

അന്വേഷണ പുരോഗതി ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് അനുമതി.

അതേസമയം കോടതി ഉത്തരവിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. പ്രതികള്‍ ചോദ്യം ചെയ്യലിന് ശേഷം ഒത്തുകൂടാനും പിറ്റേ ദിവസത്തേക്കുള്ള മൊഴികള്‍ പ്‌ളാന്‍ ചെയ്യാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ദിലീപ് പദ്ധതിയിട്ടിരുന്നു എന്ന് ദിലീപിന്റെ സുഹൃത്ത് കൂടിയായിരുന്ന ബാലചന്ദ്ര കുമാര്‍ നേരത്തെ പറഞ്ഞിരുന്നു.

നേരത്തെ, ദിലീപ് ഗൂഢാലോചന നടത്തി എന്ന് പ്രോസിക്യൂഷന്‍ വാക്കാല്‍ മാത്രം പറഞ്ഞാല്‍ പോരാ മറിച്ച് അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കണമെന്ന് ജാമ്യഹരജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞിരുന്നു.
ഒരാളെ കൊല്ലുമെന്ന് പ്രസ്താവന നടത്തിയാല്‍ അതെങ്ങനെ ഗൂഢാലോചനയുടെ പരിധിയില്‍ വരും എന്നായിരുന്നു കോടതി ചോദിച്ചത്.

അതേസമയം ഗൂഢാലോചന കേസില്‍ നിര്‍ണായകമായ തെളിവുകളുണ്ടെന്നും വാക്കാലുള്ള പ്രസ്താവന മാത്രമല്ല, അധിക തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുറന്ന കോടതിയില്‍ വെച്ച് അത് പറയാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: One of the superstars in Malayalam supported me: Bachandrakumar

We use cookies to give you the best possible experience. Learn more