| Tuesday, 24th November 2020, 12:36 pm

പ്രദീപ് കൂലിക്കാരന്‍ മാത്രമാണ്; നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വന്‍ ഗൂഢാലോചന നടന്നു: വിപിന്‍ ലാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നതിനും, തന്നെ ഭീഷണിപ്പെടുത്താനുമടക്കം വന്‍ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാല്‍.

വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയതിന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്ന പ്രദീപ് കോട്ടത്തല അറസ്റ്റിലായതിന് പിന്നാലെയാണ് വിപിന്‍ലാലിന്റെ പ്രതികരണം.

‘പ്രദീപ് കൂലിക്കാരന്‍ മാത്രമാണ്. മറ്റാരോ ആണ് പ്രദീപിനെ അയച്ചത്. അതാരാണെന്ന് കണ്ടെത്തണം. ഇതിന് പിന്നില്‍ വന്‍ഗൂഢാലോചന നടന്നിട്ടുണ്ട്’, വിപിന്‍ ലാല്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന് വിളിക്കപ്പെടുന്ന സുനില്‍കുമാര്‍ കാക്കനാട് സബ് ജയിലില്‍ താമസിച്ചിരുന്നപ്പോള്‍ ആ സെല്ലിലുണ്ടായിരുന്ന റിമാന്‍ഡ് തടവുകാരനായിരുന്നു ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശിയായ വിപിന്‍ലാല്‍. ഒരു ചെക്ക് കേസില്‍പ്പെട്ടാണ് വിപിന്‍ലാല്‍ ജയിലിലാകുന്നത്. ഈ സെല്ലിലേക്കാണ് പിന്നീട് പള്‍സര്‍ സുനിയെ കൊണ്ടുവരുന്നത്.

കേസില്‍ ഇനി തനിക്ക് ബാക്കി കിട്ടാനുള്ള പണം തരണമെന്ന് ആവശ്യപ്പെട്ട് ദിലീപിന് പള്‍സര്‍ സുനി നല്‍കാന്‍ ശ്രമിച്ച കത്ത് എഴുതിയത് വിപിന്‍ലാലാണ്. ഈ കത്ത് പൊലീസുദ്യോഗസ്ഥരുടെ കയ്യില്‍ കിട്ടിയതോടെ കേസില്‍ വിപിന്‍ലാല്‍ പ്രതി ചേര്‍ക്കപ്പെട്ടു. പിന്നീട്, പൊലീസ് അന്വേഷണത്തിനിടെ ഇയാളെ മാപ്പുസാക്ഷിയാക്കുകയായിരുന്നു.

തന്നെ പല തവണ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും ശ്രമം നടന്നെന്ന് വിപിന്‍ലാല്‍ നേരത്തേയും വെളിപ്പെടുത്തിയിരുന്നു. തന്നെ ജാമ്യത്തിലിറക്കി ദിലീപിന് അനുകൂലമായി മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടായി. എന്നാല്‍ തന്നെ ആരും ജാമ്യത്തിലിറക്കേണ്ടെന്ന് താന്‍ നിലപാടെടുത്തു. പിന്നീട് 2018 സെപ്റ്റംബറില്‍ വിപിന്‍ലാല്‍ കേസില്‍ സ്വാഭാവികജാമ്യം ലഭിച്ച് പുറത്തിറങ്ങി.

ചങ്ങനാശ്ശേരിയിലെ വീട്ടില്‍ ആറ് മാസം മാത്രമേ താമസിക്കാന്‍ കഴിഞ്ഞുള്ളൂവെന്നും, പിന്നീട് അമ്മാവന്‍ താമസിക്കുന്ന കാസര്‍കോട്ടേക്ക് മാറുകയായിരുന്നുവെന്നും വിപിന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. ഇവിടേക്കാണ് കെ ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കോട്ടത്തല എത്തിയതെന്നാണ് വിപിന്‍ലാലിന്റെ പരാതി.

ഇന്ന് പുലര്‍ച്ചെ പത്തനാപുരത്ത് നിന്നാണ് ബേക്കല്‍ പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കാസര്‍കോട്ടേക്ക് കൊണ്ടുപോയി. ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം. പ്രദീപ് കുമാറിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രദീപിനെതിരെ അന്വേഷണ സംഘം ഗുരുതര വിവരങ്ങള്‍ കണ്ടെത്തിയിരുന്നു. ജനുവരിയില്‍ എറണാകുളത്ത് നടന്ന യോഗമാണ് ഗൂഢാലോചനക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. കേസ് അട്ടിമറിക്കാന്‍ കോടികള്‍ ചെലവഴിക്കാന്‍ ശേഷിയുള്ളവരാണ് പ്രതികളെന്ന് അന്വേഷണ സംഘം കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കേസിലെ പ്രതിയായ ദിലീപിന് അനുകൂലമായി സാക്ഷികളെ കൊണ്ട് മൊഴി മാറ്റുന്നതിന് വേണ്ടി ഒരു സംഘം ജനുവരി 20ന് എറണാകുളത്താണ് യോഗം ചേര്‍ന്നത്. ഇതിന്റെ തുടര്‍ച്ചയായാണ് പ്രദീപ് കോട്ടത്തലയുടെ നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Attack Case, Vipinlal Comment

We use cookies to give you the best possible experience. Learn more