കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനൊപ്പം ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട വി.ഐ.പി താനല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അല്പസമയം മുന്‍പായിരുന്നു കോട്ടയം സ്വദേശിയായ മെഹബൂബ് എന്നയാള്‍ വാര്‍ത്താ സമ്മേളനം വിളിച്ചത്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും നടിയെ ആക്രമിച്ച കേസിലെ വ്യവസായി താനല്ലെന്നും മെഹ്ബൂബ് പറഞ്ഞിരുന്നു.
ദിലീപിനെ ഒരു തവണ മാത്രമാണ് വീട്ടില്‍ പോയി കണ്ടതെന്നും ഹോട്ടല്‍ ഉദ്ഘാടനത്തിന് വേണ്ടിയായിരുന്നു അതെന്നും മെഹ്ബൂബ് പറഞ്ഞിരുന്നു.
എന്നാല്‍ എന്നാണ് ദിലീപിന്റെ വീട്ടില്‍ പോയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അത് തനിക്ക് ഓര്‍മ്മയില്ലെന്നായിരുന്നു മെഹ്ബൂബിന്റെ മറുപടി. ഖത്തറില്‍ ഹോട്ടല്‍ ഉദ്ഘാടനം നടന്ന ദിവസം എതാണെന്ന ചോദ്യത്തിനും അത് തനിക്ക് ഓര്‍മ്മയില്ലെന്ന് മെഹബൂബ് മറുപടി നല്‍കി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് പങ്കുണ്ടോയെന്ന താങ്കള്‍ കരുതുന്നുണ്ടോ എന്നും അത്തരമൊരു ക്യാരക്ടറിന് ഉടമയാണോ ദിലീപ് എന്നുമുള്ള ചോദ്യത്തിന് അതിനെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ഇതിന്റെയൊന്നും ദൃക്‌സാക്ഷി ആയ ആളല്ല താനെന്നുമായിരുന്നു മെഹബൂബിന്റെ മറുപടി.
ഇത്തരം കാര്യങ്ങളൊന്നുമായി തനിക്ക് ബന്ധമില്ലെന്നും അതേസമയം ദേ പുട്ടില്‍ എത്ര ഐറ്റം പുട്ടുണ്ടെന്ന് ചോദിച്ചാല്‍ പറഞ്ഞുതരാമെന്നുമായിരുന്നു മെഹബൂബിന്റെ മറുപടി. ദേ പുട്ടില്‍ ഏതൊക്കെ ഐറ്റം ഫുഡ് ഉണ്ട് എന്ന് ചോദിച്ചാല്‍ പറയാം. അല്ലാതെ ദിലീപ് ആരൊക്കെയായി ബന്ധപ്പെടുന്നുണ്ടെന്നൊന്നും ഒന്നും എനിക്ക് അറിയില്ല.
ഞാന്‍ വി.ഐ.പിയല്ല. സാധാരണക്കാരില്‍ സാധാരണക്കാരനായ മനുഷ്യനാണ്. 38 വര്‍ഷമായി ഗള്‍ഫിലാണ്. വി.ഐ.പിയാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഇപ്പോള്‍ കേട്ടപ്പോള്‍ ഒരു കുളിര്‍മ തോന്നുന്നുണ്ട്. ഇങ്ങനെയെങ്കിലും ഒരു വി.ഐ.പി ആകാമല്ലോ എന്നോര്‍ത്ത്.
ദിലീപിന്റെ അനുജനെയോ അളിയനേയോ അറിയില്ല. ദിലീപിന്റെ വീട്ടില്‍ ചെല്ലുമ്പോള്‍ കാവ്യയും മകളും ഉണ്ടായിരുന്നു. അര മണിക്കൂറില്‍ കൂടുതല്‍ അവിടെ ഇരുന്നിട്ടില്ല. ബിസിനസ് തുടങ്ങാനുള്ള താത്പര്യം പറഞ്ഞു. അദ്ദേഹം ആലോചിക്കാമെന്നാണ് മറുപടി പറഞ്ഞത്.
വീട്ടില്‍ പോയ തിയതി ഓര്‍മ്മയില്ല. നവംബര്‍ 15 ആണോ എന്ന ചോദ്യത്തിന് പെട്ടെന്ന് ചോദിച്ചാല്‍ ഓര്‍മ്മയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കേസില്‍ നിന്ന് ദിലീപ് ജാമ്യത്തില്‍ നിന്ന് വന്ന ശേഷമാണോ പോയത് എന്ന ചോദ്യത്തിന് അതും ഓര്‍മ്മയില്ലെന്നും മെഹ്ബൂബ് മറുപടി നല്‍കി.
കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടിട്ടില്ല. ബന്ധപ്പെട്ടാല്‍ സഹകരിക്കാന്‍ തയ്യാറാണെന്നും മെഹ്ബൂബ് പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ