കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം ഹാജരാക്കുന്ന തെളിവുകളോ രേഖകളോ സത്യവാങ്മൂലമോ മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. നേരത്തെ കോടതിയില്‍ ഹാജരാക്കിയ അപേക്ഷകളും രേഖകളും മാധ്യമങ്ങള്‍ക്ക് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കോടതിയുടെ നിര്‍ദേശം.
ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പകത്ത് ചൊവ്വാഴ്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ സംഘം ശേഖരിക്കുന്ന എല്ലാ രേഖകളുടെയും രഹസ്യാത്മക സ്വഭാവം സൂക്ഷിക്കുകയും മാധ്യമങ്ങളുള്‍പ്പെടെ ആര്‍ക്കും നല്‍കാനോ ചോരാനോ പാടില്ല. ഇക്കാര്യം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം, നടന്‍ ദിലീപിന്റെ അഭിഭാഷകരുടെ ഫോണ്‍ സംഭാഷണം ചോര്‍ന്ന സംഭവത്തില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിനെതിരെ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി അഭിഭാഷകനായ സേതുരാമനാണ് പരാതിയുമായി ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്.
അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണം പ്രിവിലേജ്ഡ് കമ്മ്യൂണിക്കേഷനാണെന്നും അത് മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത് നിയമവിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു. ചട്ടലംഘനം നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ ബാര്‍കൗണ്‍സില്‍ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
നടിയെ ആക്രമിച്ച കേസിന്റെ വിചാരണയില്‍ സാക്ഷികളുടെ മൊഴി അട്ടിമറിക്കാന്‍ ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപുമായി അഭിഭാഷകന്‍ ബി. രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.