| Tuesday, 15th December 2020, 12:34 pm

ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുത്; നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിന്റെ ഹരജി തള്ളി സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തള്ളി സുപ്രീം കോടതി. ജഡ്ജിക്കെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.

വിധിയില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതി പറഞ്ഞു. ജഡ്ജി വിവേചനപരമായി പെരുമാറുന്നുവെന്ന ആരോപണമുയര്‍ത്തി കേസ് ജഡ്ജിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെടാന്‍ ആകില്ല.

കോടതി ഒരു തീരുമാനമെടുത്താല്‍, അത് വിചാരണക്കോടതി ആകട്ടെ ഏത് കോടതിയും ആകട്ടെ അത് നിയമപരമായി ചോദ്യം ചെയ്യുകയാണ് സര്‍ക്കാര്‍ വേണ്ടത്. അല്ലാതെ ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇത്തരത്തില്‍ ഹരജി നല്‍കുന്നത് ശരിയായ നടപടിയല്ല എന്നാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.

ജഡ്ജിയെ മാറ്റണമെന്ന ആവശ്യം ഒരു തരത്തിലും അംഗീകരിക്കാനാവില്ല. വിചാരണ നടപടികള്‍ സര്‍ക്കാര്‍ തന്നെ വൈകിപ്പിക്കുകയാണോ എന്നും കോടതി ചോദിച്ചു.

വലിയ തോതിലുള്ള മാധ്യമ ശ്രദ്ധ ലഭിച്ച കേസായതിനാല്‍ ജഡ്ജിക്ക് അതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരിക്കാം. പക്ഷേ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇത്തരം പരാമര്‍ശങ്ങള്‍ ജഡ്ജിക്കെതിരെയോ കോടതിയ്ക്കെതിരെയൊ ഉണ്ടാകാന്‍ പാടുള്ളതല്ലെന്ന നിരീക്ഷണവും സുപ്രീം കോടതി മുന്നോട്ട് വെച്ചു.

രഹസ്യ വിചാരണയായിട്ടും ഇരുപതോളം അഭിഭാഷകരുടെ സാന്നിധ്യം കോടതിയിലുണ്ടായിരുന്നുവെന്നും ഇരയെ അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും വിചാരണ കോടതി ജഡ്ജിയില്‍ നിന്നുണ്ടായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ഈ വാദങ്ങള്‍ മുഖവിലക്കെടുത്തില്ല.

അതേസമയം പബ്ലിക്ക് പ്രോസിക്യൂട്ടര്‍ രാജിവച്ച സാഹചര്യത്തില്‍ പുതിയ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: actress attack case state governments plea rejected supreme-court

We use cookies to give you the best possible experience. Learn more