| Sunday, 13th September 2020, 5:14 pm

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു; നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കേസിലെ പ്രധാന സാക്ഷിയെ സ്വാധീനിക്കാന്‍ അഭിഭാഷകന്‍ വഴി ശ്രമിച്ചെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നത്. അപേക്ഷ ചൊവ്വാഴ്ച്ച പരിഗണിക്കും.

നേരത്തെ ദിലീപിനെതിരെ മൊഴി നല്‍കിയിരുന്ന സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രധാന സാക്ഷിയും ഇത്തരത്തില്‍ മൊഴി മാറ്റിയതോടെയാണ് പ്രോസിക്യൂഷന്‍ ദിലീപിനെതിരെ കോടതിയെ സമീപിച്ചത്.

തൃശൂര്‍ ടെന്നീസ് ക്ലബില്‍ വച്ച് ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത് കണ്ടുവെന്നായിരുന്നു സാക്ഷിയുടെ മൊഴി. ഈ മൊഴി നല്‍കിയ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീംകോടതി തീരുമാനം. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.

നേരത്തെ നടിയെ ആക്രമിച്ച കേസും കേസിലെ പ്രതിയായ സുനില്‍ കുമാര്‍ പണമാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസും രണ്ടായി പരിഗണിക്കണമെന്ന ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയിരുന്നു.

നടിയെ ആക്രമിച്ച കേസിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലായിരുന്നു കേസിലെ ഒന്നാം പ്രതിയായ സുനില്‍ കുമാര്‍, സനല്‍, വിഷ്ണു എന്നിങ്ങനെ മൂന്ന് പേര്‍ ചേര്‍ന്ന് പണം ആവശ്യപ്പെട്ടുകൊണ്ട് ദിലീപിനെ ഭീഷണിപ്പെടുത്തിയെന്നകാര്യം കൂടി ഉള്‍പ്പെടുത്തിയിരുന്നത്.

ഈ കുറ്റപത്രം കോടതി അംഗീകരിച്ച ശേഷം നടന്ന വിചാരണ ഘട്ടത്തിലാണ് ദിലീപ്, തന്നെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കൊപ്പം നിന്ന് വിചാരണ നേരിടേണ്ട സാഹചര്യം ഉണ്ടെന്നും അതുകൊണ്ട് തന്നെ ഭീഷണിപ്പെടുത്തിയ കേസ് പ്രത്യേകം പരിഗണിച്ച് അതില്‍ പ്രത്യേക വിചാരണ നടത്തണമെന്നും ആവശ്യപ്പെട്ടത്.

നടിയെ ആക്രമിച്ച കേസിനൊപ്പം ഇതില്‍ വിചാരണ നടത്തരുതെന്നും ഇത് രണ്ടും രണ്ടായി പരിഗണിച്ച് വിചാരണ വേണമെന്നുമായിരുന്നു ദിലീപിന്റെ പ്രധാന ആവശ്യം.

എന്നാല്‍ ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തു. ഇത് രണ്ടും രണ്ടല്ലെന്നും ഒറ്റസംഭവത്തിന്റെ തുടര്‍ച്ച മാത്രമാണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

പണത്തിന് വേണ്ടി ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തി എന്ന കാര്യം കുറ്റപത്രത്തില്‍ വന്നത് പ്രോസിക്യൂഷന് സംഭവിച്ച പിഴവാണെന്നും അത് തിരുത്താന്‍ പ്രോസിക്യൂഷന്‍ കോടതിക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഈ വാദം പരിഗണിച്ചാണ് ദിലീപിന്റെ ഹരജി ഹൈക്കോടതി തള്ളിയത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ContentHighlights:  Actress attack case prosecution asks to cancel Dileep bail

We use cookies to give you the best possible experience. Learn more