| Wednesday, 23rd February 2022, 11:56 am

തനിക്ക് നേരെ നടന്നത് ഹീനമായ കുറ്റകൃത്യം; പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയാണെന്ന് അറിയണം; ആക്രമിക്കപ്പെട്ട നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: തനിക്ക് നേരെ നടന്നത് ഹീനമായ കുറ്റകൃതമാണെന്ന് ആക്രമിക്കപ്പെട്ട നടി. തനിക്കെതിരെ കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം എന്നതു മാത്രമാണ് തന്റെ താല്‍പര്യമെന്നും സത്യം കണ്ടെത്തുന്നതിന് തുടരന്വേഷണം നടക്കണമെന്നും നടി ഹൈക്കോടതിയെ അറിയിച്ചു.

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ തനിക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നും തുടരന്വേഷണം തടയണമെന്നും ആവശ്യപ്പെട്ടുകൊണ്ട് പ്രതി ദിലീപ് സമര്‍പ്പിച്ച ഹരജിയെ എതിര്‍ത്തുകൊണ്ടാണ് ആക്രമിക്കപ്പെട്ട നടി ഇക്കാര്യങ്ങള്‍ ഹൈക്കോടതിയില്‍ പറഞ്ഞത്.

പ്രതിയുടെ അടുത്ത സുഹൃത്ത് എന്നു പറയുന്നയാളുടെ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നെന്നും ഗൂഢാലോചന നടത്തിയോ ഇല്ലയോ എന്ന് അറിണമെങ്കില്‍ അന്വേഷണം ആവശ്യമാണെന്നും നടി കോടതിയില്‍ പറഞ്ഞു. തനിക്ക് നേരെ നടന്ന കുറ്റകൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ആരൊക്കെയാണെന്ന് അറിയണമെന്നും നടി കോടതിയില്‍ അറിയിച്ചു.

തുടരന്വേഷണത്തെ എതിര്‍ത്തുകൊണ്ട് നടന്‍ ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ കക്ഷി ചേരണമെന്ന് കാണിച്ച് നടി നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. തുടര്‍ന്നാണ് തന്റെ ഭാഗം കോടതിയില്‍ നടി വിശദീകരിച്ചത്.

അതേസമയം, ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണിലെ നിര്‍ണ്ണായക വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ജനുവരി 29 ന് ഫോണുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെ ജനുവരി 30 നാണ് വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടത്.

ഫോണുകള്‍ ഹാജരാക്കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ പിറ്റേന്നാണ് ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യപ്പെട്ടത്. ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ ഷാജി ഹൈക്കോടതിയെ അറിയിച്ചു.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മാര്‍ച്ച് ഒന്നിന് പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ കേസില്‍ മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും ഒരു സാക്ഷിയുടെ വെളിപ്പെടുത്തലില്‍ എന്താണ് ഇത്രമാത്രം അന്വേഷിക്കാനുള്ളതെന്നുമായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശം.

നിലവില്‍ രണ്ട് മാസം പൂര്‍ത്തിയായെന്ന് നിരീക്ഷിച്ച കോടതി തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ എത്ര സമയം കൂടി വേണമെന്നും ചോദിച്ചിരുന്നു.

വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി നാല് തവണ സമയം നീട്ടി നല്‍കി. ബാലചന്ദ്ര കുമാര്‍ ഈ 4 വര്‍ഷം എവിടെ ആയിരുന്നു എന്നും കോടതി ചോദിച്ചു. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ നിന്ന് 81 പോയിന്റുകള്‍ കിട്ടിയെന്നും ഇത് സംബന്ധിച്ച തെളിവും ലഭിച്ചുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തുടരന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് ഡി.ജി.പി കോടതിയെ അറിയിച്ചു. കേസ് അന്തിമഘട്ടത്തിലണ്. ഏതാനും ഡിജിറ്റല്‍ തെളിവുകള്‍ കൂടി പരിശോധിക്കാനുണ്ട്. 20 സാക്ഷികളുടെ മൊഴിയെടുത്തുവെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കോടതി സമയപരിധി നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

അതേസമയം,കേസില്‍ തുടരന്വേഷണം ചോദ്യം ചെയ്യാന്‍ പ്രതിക്ക് കഴിയില്ലെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞിട്ടുണ്ട്.
കേസില്‍ തന്നെ മൂന്നാം എതിര്‍കക്ഷിയാക്കണം. തന്നെ കേള്‍ക്കാതെ തീരുമാനമെടുക്കുന്നത് പരിഹരിക്കാനാകാത്ത നഷ്ടം ഉണ്ടാക്കുമെന്നും അപേക്ഷയില്‍ പറഞ്ഞിരുന്നു.

കേസിലെ പരാതിക്കാരിയാണ് താന്‍. നിയമപരമായി പ്രതിക്ക് തുടരന്വേഷണത്തെ ചോദ്യം ചെയ്യാന്‍ കഴിയില്ല. പല കേസുകളിലും സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാല്‍ നിയമപരമായി പ്രതിയുടെ ഹരജി നിലനില്‍ക്കില്ലെന്നും അപേക്ഷയില്‍ അതിജീവിത പറഞ്ഞു.

നടിയെ ആക്രമിച്ച കേസ് അന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവെക്കാനാണ് തുടരന്വേഷണമെന്നാണ് ദിലീപിന്റെ ആരോപണം. ഇതിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ആരോപിക്കുന്നു. വിചാരണ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് നല്‍കിയ ഹരജിയില്‍ പറയുന്നു.

Content Highlight: Actress Attack Case on Highcourt

We use cookies to give you the best possible experience. Learn more