കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപ് ഉള്‍പ്പടെയുള്ളവരുടെ വിചാരണ നാളെ ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ.
വിചാരണക്ക് ഹാജരാവാന്‍ നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളടെ എല്ലാ പ്രതികള്‍ക്കും ഈ മാസം ആദ്യം കോടതി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ എട്ടാം പ്രതിയായ ദിലീപ് നാളെ ഹാജരാവില്ലെന്നാണ് സൂചന.
ഒന്നാം പ്രതി കൊടി സുനി ഉള്‍പ്പടെ ഇപ്പോള്‍ റിമാന്‍ഡിലുള്ള ആറുപേരെ നാളെ പൊലീസ് കോടതിയില്‍ ഹാജരാക്കും. എട്ടാം പ്രതിയായ ദിലീപ് ഹാജരാവില്ലെന്നാന്നും അഭിഭാഷകന്‍ മുഖേന അവധിക്ക് അപേക്ഷിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Related: നടിയെ ആക്രമിച്ച കേസ്; വിചാരണ നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 17നാണ് ഓടുന്ന വാഹനത്തില്‍ പള്‍സര്‍ സുനിയും സംഘവും നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കിയാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്. ഗൂഢാലോചന വിവരങ്ങള്‍ പുറത്ത് വന്നതോടെ നവംബര്‍ 22ന് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയും ദിലീപിനെ എട്ടാം പ്രതിയുമാക്കി അങ്കമാലി കോടതിയില്‍ 650 പേജുള്ള അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു. 355 ഓളം സാക്ഷി മൊഴികളും 15 ഓളം രഹസ്യമൊഴികളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 450 ഓളം രേഖകളും മറ്റ് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ടുകളും അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
കേസിനെ തുടര്‍ന്ന് ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു.