തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേര് ഉയര്‍ന്ന സാഹചര്യത്തില്‍ വിശദീകരണവുമായി നെയ്യാറ്റിന്‍കര രൂപത.
ദിലീപ് കേസില്‍ നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സെന്റ് സാമുവലിന് യാതൊരു ബന്ധവുമില്ലെന്ന് നെയ്യാറ്റിന്‍കര രൂപത വ്യക്തമാക്കി. ദിലീപുമായോ, ബാലചന്ദ്രകുമാറുമായോ ബിഷപ്പിന് ബന്ധമില്ല. തെറ്റായ ആരോപണങ്ങളിലൂടെ ബിഷപ്പിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും നെയ്യാറ്റിന്‍കര രൂപത പറഞ്ഞു.
നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ട ശേഷമാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ജാമ്യം ലഭിച്ചതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞതായാണ് ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.
ബിഷപ്പിന് പണം നല്‍കണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെ തന്നോട് ശത്രുതയായി. ഇതോടെ ജാമ്യം റദ്ദാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും ദിലീപിന്റെ മറുപടി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായിട്ടാണ് ഇപ്പോള്‍ രൂപത തന്നെ രംഗത്തെത്തിയിരിക്കുന്നത്.
‘സിനിമാ താരം ദിലീപുമായി ബന്ധപ്പെട്ട കേസില്‍ നടന് ജാമ്യം ലഭിച്ചത് സംബന്ധിച്ച് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവലിന്റെ പേര് പരാമര്‍ശിച്ചതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഈ കേസിലെ പ്രതിയുമായോ, സിനിമാനടന്‍ ആരോപണം ഉന്നയിച്ചു എന്ന് പറയുന്ന വ്യക്തിയുമായോ നെയ്യാറ്റിന്‍കര ബിഷപ്പിന് യാതൊരു ബന്ധവുമില്ല.
ഒരു സമുദായത്തിന്റെ ആത്മീയ നേതാവ് എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബിഷപ്പിനെ തെറ്റായ ആരോപണങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിലൂടെ തെറ്റായ സന്ദേശമാണ് പൊതുസമൂഹത്തിന് നല്‍കുന്നത്.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അഭ്യൂഹം പരത്താനുദ്ദേശിച്ചുള്ളതും വാര്‍ത്തകള്‍ വാസ്തവ വിരുദ്ധവുമാണ്. അതിനാല്‍ ബിഷപ്പിനെ ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കുന്നത് ഒഴിവാക്കണം.’ നെയ്യാറ്റിന്‍കര രൂപത പത്രക്കുറിപ്പില്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപ് അടക്കം 5 പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഞായര്‍ ഒമ്പത് മണിക്ക് മുമ്പായി തന്നെ ദിലീപ് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്യുന്നത്.
ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെ അന്വേഷണ സംഘം കൊച്ചിക്ക് വിളിപ്പിച്ചിരുന്നു.
ദിലീപിന്റെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം എത്തണമെന്നാണ് ബാലചന്ദ്രകുമാറിന് ക്രൈംബ്രാഞ്ച് നല്‍കിയിരിക്കുന്ന നിര്‍ദേശം. ബുധനാഴ്ച ആയിരിക്കും ബാലചന്ദ്രകുമാറില്‍ നിന്ന് മൊഴിയെടുക്കുക. രാവിലെ 9 മണി മുതല്‍ രാത്രി 8 മണി വരെയാണ് ദിലീപ് ഉള്‍പ്പടെ അഞ്ച് പ്രതികളും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
CONTENT HIGHLIGHTS: Neyyattinkara Bishop says he did not intervene for Dileep’s bail