| Friday, 30th October 2020, 1:00 pm

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതിയ്‌ക്കെതിരെ സര്‍ക്കാരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയ്‌ക്കെതിരെ സര്‍ക്കാര്‍. പ്രതിഭാഗം നടിയെ മാനസികമായി പീഡിപ്പിക്കുന്നെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

ഇത് അറിയിച്ചിട്ടും വിചാരണക്കോടതി മുഖവിലയ്‌ക്കെടുത്തില്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. പല രേഖകളുടേയും പകര്‍പ്പ് പ്രോസിക്യൂഷന് നല്‍കുന്നില്ല.

കോടതിയില്‍ സംഭവിച്ച കാര്യങ്ങള്‍ സീല്‍ ചെയ്ത കവറില്‍ നല്‍കാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസില്‍ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. വിചാരണക്കോടതിയുടെ നടപടി പക്ഷപാതപരമാണെന്നാണ് ഹരജിയിലെ ആരോപണം.

നേരത്തെ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയിലെ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തെത്തിയിരുന്നു. പ്രത്യേക കോടതി ജഡ്ജ് ഹണി എം വര്‍ഗീസിനെതിരെയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രംഗത്ത് എത്തിയത്.

നടിയെ ആക്രമിച്ച കേസ് ഈ കോടതി മുമ്പാകെ തുടര്‍ന്നാല്‍ ഇരയ്ക്ക് നീതി കിട്ടില്ലെന്നാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നത്. കോടതിയുടെ പെരുമാറ്റം അങ്ങേയറ്റം പക്ഷപാതിത്വം നിറഞ്ഞതാണെന്നും നീതിന്യായവ്യവസ്ഥയ്ക്കാകെയും പ്രോസിക്യൂഷനും കോട്ടം വരുത്തുന്നതാണ് ഇത്തരം സമീപനമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ എ.സുരേശന്‍ ഹരജിയില്‍ പറഞ്ഞിരുന്നു.

സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കെതിരെ അനാവശ്യവും അടിസ്ഥാനരഹിതവും നിന്ദ്യവുമായ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്നും എ.സുരേശന്‍ നല്‍കിയ അപേക്ഷയില്‍ പറയുന്നുണ്ട്.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറുമാസം കൂടി സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. കൂടുതല്‍ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട പ്രത്യേക കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കത്ത് പരിഗണിച്ചായിരുന്നു സുപ്രീംകോടതി തീരുമാനം. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ആവശ്യം പരിഗണിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Attack Case Kerala Government Trial Court

We use cookies to give you the best possible experience. Learn more