| Wednesday, 5th January 2022, 11:01 am

നടിയെ ആക്രമിച്ച കേസ്‌; ദിലീപിനെ ചോദ്യം ചെയ്യും, കാവ്യാ മാധവനേയും ചോദ്യം ചെയ്‌തേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യും. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘത്തിന്റെ പുതിയ നീക്കം. 20 നകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കാവ്യാ മാധവനേയും ചോദ്യം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ഡിസംബര്‍ 25 നാണ് റിപ്പോര്‍ട്ടര്‍ ടി.വിയിലൂടെ സംവിധായകനായ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബാലചന്ദ്ര കുമാര്‍ ആദ്യമായി പരാതി നല്‍കുന്നത് കഴിഞ്ഞ നവംബര്‍ 25 നാണ്.

ഇതിനെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കണെന്ന് ആക്രമിക്കപ്പെട്ട നടി തന്നെ ആവശ്യപ്പെടുകയായിരുന്നു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ആശങ്ക രേഖപ്പെടുത്തികൊണ്ട് അക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലാസിനെ സഹായിക്കാന്‍ പൊലീസ് ഹെഡ്‌ക്വോര്‍ട്ടേഴ്‌സില്‍ നിന്നും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്. അഡ്വക്കേറ്റ് വി.എന്‍. അനില്‍ കുമാറാണ് രാജിവെച്ചത്. വിചാരണ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു രാജി.

അതേസമയം രാജിവെച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അനില്‍ കുമാര്‍ തിരിച്ചെത്താന്‍ സാധ്യതയില്ല. ഇദ്ദേഹത്തോട് തുടരാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട് എന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.

തുടര്‍ച്ചയായി അപമാനിതനായി മുന്നോട്ട് പോവാന്‍ സാധിക്കില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞിരുന്നു. ആദ്യ പ്രോസിക്യൂട്ടര്‍ രാജിക്കായി ചൂണ്ടിക്കാട്ടിയ അതേ കാരണങ്ങള്‍ തന്നെയാണ് ഇപ്പോഴത്തെ പ്രോസിക്യൂട്ടറും ചൂണ്ടിക്കാണിക്കുന്നത്.

തുടരന്വേഷണം ആവശ്യപ്പെട്ട് ഡബ്ല്യൂ.സി.സിയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍, ഗവണ്മെന്റിനോടും മുഖ്യമന്ത്രിയോടും ഡബ്ല്യു.സി.സി ആവശ്യപ്പെട്ടു.

കേസില്‍ രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ രാജിവെച്ചതും സംവിധായകന്റെ ഇപ്പോള്‍ പുറത്തുവന്ന വെളിപ്പെടുത്തലും ആശങ്കയുണ്ടാക്കുന്നതാണെന്നും കേസില്‍ പുനരന്വേഷണം വേണമെന്നുമാണ് കത്തില്‍ പറയുന്നത്.

കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും കേസിലെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവെച്ചത് തന്നില്‍ ഭയമുണ്ടാക്കുന്നുണ്ടെന്നും കത്തില്‍ നടി കത്തില്‍ പറഞ്ഞിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി കേസില്‍ പ്രതിയായ നടന്‍ ദിലീപ് പരാതി നല്‍കിയിരുന്നു. കേസില്‍ പ്രോസിക്യൂഷനെതിരെ ഡി.ജി.പിക്കും വിജിലന്‍സ് ഡയറക്ടര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് ദിലീപ് പരാതി നല്‍കിയത്.

കേസ് അട്ടിമറിക്കാനാണ് സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ അഭിമുഖം വഴി ശ്രമിക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസാണ് അഭിമുഖത്തിന് പിന്നിലെന്നുമാണ് ദിലീപ് ആരോപിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്ര കുമാര്‍ പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി ദിലീപ് രംഗത്ത് എത്തിയിരുന്നു.

ആരെന്ത് പറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളത്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നതെന്നും അതിനപ്പുറം ഒന്നും പറയാനാവില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ ബോലചന്ദ്രകുമാറിനെതിരെ സൈബര്‍ ആക്രമണങ്ങളുയര്‍ന്നിരുന്നു. വിചാരണ നടപടികള്‍ നിര്‍ത്തിവെച്ചുകൊണ്ട് തുടരന്വേഷണം നടത്തണമെന്ന നിലപാടിലാണ് പ്രോസിക്യൂട്ടര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: actress attack case investigation team going to question dileep and kavya madhavan

We use cookies to give you the best possible experience. Learn more