കൊച്ചി: ദിലീപിന്റേയും മറ്റ് പ്രതികളുടേതുമായി ആറ് ഫോണുകള്‍ മാത്രമാണ് ഉള്ളതെന്ന് ദിലീപിന്റെ അഭിഭാഷകന്‍. എന്നാല്‍ ആറ് ഫോണുകള്‍ അല്ലെന്നും ഏഴ് ഫോണുകള്‍ ഉണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതിന്റെ ഇ.എം.ഐ നമ്പറും സി.ഡി.ആറും ഉള്‍പ്പെടെ തങ്ങളുടെ പക്കലുണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട തെളിവുകളും സമര്‍പ്പിക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയോട് പറഞ്ഞു.
ഇതോടെ 1,2,3,5,6,7 എന്നീ സീരിയല്‍ നമ്പറിലുള്ള മുഴുവന്‍ ഫോണുകളും സീല്‍ ചെയ്ത കവറില്‍ രജിസ്റ്റാര്‍ ജനറലിന് മുന്‍പാകെ ജനുവരി 31 ന് രാവിലെ 10.15 ന് മുന്‍പ് കൈമാറാമെന്നും നാലാമത്തെ സീരിയല്‍ നമ്പറിലുള്ള ഫോണുമായി ബന്ധപ്പെട്ട കാര്യം അതിന് ശേഷം തീരുമാനിക്കാമെന്നുമാണ് കോടതി പറഞ്ഞത്.
ജനുവരി 31 ലേക്ക് കേസ് മാറ്റിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിലെ വധശ്രമ ഗൂഢാലോചനക്കേസില്‍ ഒന്നാം പ്രതി ദിലീപടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജിയിലും ഫോണുകള്‍ കൈമാറണമെന്ന പ്രോസിക്യൂഷന്റെ ഉപഹരജിയിലുമായിരുന്നു ഹൈക്കോടതിയില്‍ തുടര്‍വാദം നടന്നത്.
രാവിലെ 11 മണിയോടെ പ്രത്യേക സിറ്റിങ് നടത്തിയാണ് ജാമ്യാപേക്ഷകള്‍ ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിച്ചത്.
ഫോണ്‍ നല്‍കാന്‍ കഴിയില്ലെന്ന വാദമാണ് ഇന്നും ദിലീപിന്റെ അഭിഭാഷന്‍ ഉയര്‍ത്തിയത്. എന്നാല്‍ ഫോണ്‍ നല്‍കില്ലെന്ന് പ്രതികള്‍ക്ക് പറയാനാവില്ലെന്ന് കോടതി പറഞ്ഞു.
ദിലീപും മറ്റ് പ്രതികളും തിങ്കളാഴ്ച 10.15 ന് മുന്‍പ് ഹൈക്കോടതി രജിസ്റ്റാര്‍ക്ക് മുന്‍പില്‍ കൈമാറണമെന്ന് കോടതി പറഞ്ഞു. ഇത് അനുസരിച്ചില്ലെങ്കില്‍ ദിലീപിന് അറസ്റ്റില്‍ നിന്നു നല്‍കിയ സംരക്ഷണം പിന്‍വലിക്കുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കി.
ഫോണ്‍ ഏല്‍പ്പിച്ചിരിക്കുന്ന ഏജന്‍സി ഏതാണെന്ന് കോടതി ചോദിച്ചു. ഫോണ്‍ മുംബൈയില്‍ ആണ് ഉള്ളതെന്നു ദിലീപിന്റെ അഭിഭാഷകന്റെ വാദം. എന്നാല്‍ ഫോണ്‍ ഹൈക്കോടതിക്ക് എത്രയും പെട്ടെന്ന് കൈമാറണമെന്നും അന്വേഷണ സംഘത്തില്‍ നിന്ന് ഫോണ്‍ മറച്ചുപിടിക്കാന്‍ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഏജന്‍സിക്കും ഫോണ്‍ കൈമാറില്ലെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ ഏത് ഏജന്‍സി ഫോണ്‍ പരിശോധിക്കണമെന്ന് പ്രതിഭാഗം തീരുമാനിക്കുന്നത് മറ്റൊരു കേസിലും കണ്ടിട്ടില്ലാത്ത കാര്യമാണെന്ന് പ്രോസിക്യൂഷനും തിരിച്ചടിച്ചു.
മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ആദ്യം ഫോണിന്റെ കാര്യത്തില്‍ തീരുമാനമാകട്ടെയെന്നായിരുന്നു കോടതിയുടെ നിലപാട്. സ്വന്തം നിലയ്ക്ക് പ്രതി ഫോണ്‍ പരിശോധനയ്ക്ക് അയച്ചത് അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
Content Highlight: Actress Attack Case Hearing Kerala Highcourt