| Wednesday, 29th December 2021, 2:26 pm

ദിലീപിനെതിരായ സംവിധായകന്റെ വെളിപ്പെടുത്തല്‍; മാധ്യമങ്ങളുടെ മൗനത്തിനെതിരെയും നടപടി സ്വീകരിക്കാത്തതിനെതിരെയും ഡബ്ല്യൂ.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ നടപടി സ്വീകരിക്കാതിരിക്കുന്നതിനെതിരെയും മാധ്യമങ്ങളുടെ ഉദാസീന നടപടികള്‍ക്കെതിരെയും വിമര്‍ശനവുമായി വനിതാ സിനിമാപ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്.

ഫേസ്ബുക്കിലൂടെയായിരുന്നു ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ നീതിനിര്‍വ്വഹണ സംവിധാനം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമോയെന്ന് ഡബ്ല്യൂ.സി.സി ചോദിച്ചു.

ഇന്റര്‍വ്യൂവില്‍ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കില്‍ കുറ്റാരോപിതന്‍ കൈക്കൂലി നല്‍കുന്നതും നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെയെന്നും അവര്‍ ചോദിച്ചു.

ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന തെളിവുകള്‍ വെളിപ്പെടുത്തിയ, തന്റെ ജീവന്‍ അപകടത്തിലാണെന്ന് സ്വയം സര്‍ക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളതെന്നും ഡബ്ല്യൂ.സി.സി ചോദിക്കുന്നു.

എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സംഭവ വികാസങ്ങള്‍ക്ക് അവശ്യം വേണ്ട ശ്രദ്ധ നല്‍കി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ലെന്നും അവര്‍ ചോദിച്ചു.

നീതിക്കായി പോരാടുന്നതിന്റെ വേദനയും സംഘര്‍ഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോള്‍ തന്നെ, ഇത്തരം സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളില്‍ സത്യം അറിയുന്നതിന് ചോദ്യങ്ങള്‍ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് തങ്ങള്‍ കരുതുന്നുവെന്നും ഡബ്ല്യൂ.സി.സി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ കേസില്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ദിലീപുമായി അടുത്ത ബന്ധമുണ്ടെന്നും ദിലീപിന്റെ വീട്ടില്‍ വെച്ച് താന്‍ പള്‍സര്‍ സുനിയെ കണ്ടിട്ടുണ്ടെന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്.

നടി ആക്രമിക്കപ്പെട്ട ശേഷം മാധ്യമങ്ങളിലൂടെ പള്‍സര്‍ സുനിയെ കണ്ടപ്പോള്‍ താന്‍ ദിലീപിനെ വിളിച്ചിരുന്നെന്നും എന്നാല്‍ ഒരു കാരണവശാലും ഈ വിവരം പുറത്തുപറയരുതെന്ന് ദിലീപ് ആവശ്യപ്പെടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ മറുപടിയുമായി നടന്‍ ദിലീപ് രംഗത്ത് എത്തിയിരുന്നു. ആരെന്ത് പറഞ്ഞാലും തനിക്കൊന്നും പറയാനാവാത്ത അവസ്ഥയാണുള്ളതെന്ന് ദിലീപ്. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മാധ്യമങ്ങളെ കാണുന്നതെന്നും അതിനപ്പുറം ഒന്നും പറയാനാവില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതിക്കെതിരെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സാക്ഷിപട്ടിക പൂര്‍ണമായും അംഗീകരിക്കാനാവാത്ത നിലയാണുള്ളതെന്നും 16 സാക്ഷികളെ പുനര്‍വിസ്താരണ നടത്തണമെന്നുമുള്ള പ്രോസിക്യൂഷന്റെ ആവശ്യം വിചാരണ കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതി ഈ ആവശ്യം തള്ളുകയാണെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Actress attack case Director’s revelation against Actor Dileep; The WCC condemned the media’s silence and failure to take action

We use cookies to give you the best possible experience. Learn more