|

നാണമുണ്ടോ മോഹന്‍ലാലിന് അങ്ങനെ പറയാന്‍, ഇവരെ എങ്ങനെയാണ് കലാകാരന്മാര്‍ എന്നുവിളിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി ബൈജു കൊട്ടാരക്കര

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറുകയും മൊഴിമാറ്റുകയും ചെയ്തവര്‍ക്കെതിരെയും നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര.

നടിക്കൊപ്പം നിന്നതിന്റെ പേരിലാണ് എ.എം.എം.എ എന്ന സംഘടന ചില നടിമാരെ പുറത്താക്കിയതെന്നും ആവശ്യമുള്ളവര്‍ക്ക് ഇങ്ങോട്ട് വരാമെന്നുമാണ് അടുത്തിടെ ഇതിനെ കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞതെന്നും അങ്ങനെ പറയാന്‍ അദ്ദേഹത്തിന് നാണമില്ലേയെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു.

എ.എം.എം.എയിലേക്ക് ചെന്നില്ലെങ്കില്‍ ഇവര്‍ മൂക്ക് ചെത്തിക്കളയുമോ? സംഘടനയ്‌ക്കൊപ്പം നിന്നില്ലെങ്കില്‍ ഇവര്‍ക്കൊന്നും വേറെ സിനിമകള്‍ കിട്ടില്ലെന്നാണോ കരുതിയിരിക്കുന്നതെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു.

അഭിനയം നല്ലൊരു തൊഴിലാണ്, കലയാണ്. കഴിവുള്ളവരാണ്. ഇതൊക്കെ ശരിയാണ്. പക്ഷേ ഇതിലെല്ലാത്തിലും ഉപരി ഒരു കാര്യം കൂടിയുണ്ട്. മനസ് നന്നായിരിക്കണം. സത്യസന്ധമായ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ആര്‍ജ്ജവം കൂടി കാണിക്കണം. ഇത് കാണിക്കാതെ കള്ളത്തരങ്ങള്‍ മാത്രം പറയുക, മൗനം പാലിച്ചുകൊണ്ടിരിക്കുക, സ്വാധീനത്തില്‍ വീഴുക, അല്ലെന്നുണ്ടെങ്കില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുക. ഇതൊക്കെ ചെയ്തുകൊണ്ടിരുന്നാല്‍ ഇവരെ എങ്ങനെയാണ് കലാകാരന്മാര്‍ എന്നുവിളിക്കുന്നത്? റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിക്കവേ ബൈജു കൊട്ടാരക്കര പറഞ്ഞു.

”നടിക്കൊപ്പം നിന്നതിന്റെ പേരിലാണ് അന്ന് എ.എം.എം.എ എന്ന സംഘടന ചില നടിമാരെ പുറത്താക്കിയത്. ഈയിടയ്ക്ക് മോഹന്‍ലാല്‍ പറഞ്ഞത് എന്താണ്, ആവശ്യമുള്ളവര്‍ ഇങ്ങോട്ട് വരട്ടെയെന്ന്. നാണമുണ്ടോ മോഹന്‍ലാലിന് അങ്ങനെ പറയാന്‍. ആവശ്യമുള്ളവര്‍ ഇങ്ങോട്ട് വരട്ടെ എന്നാണ് പറയുന്നത്. എങ്ങോട്ട് അമ്മയിലോട്ട്.

അമ്മ എന്ന് ഞാന്‍ പറയില്ല. എ.എം.എ.എ എന്നേ പറയുകയുള്ളൂ. ആ സംഘടനയിലേക്ക് ചെന്നില്ലെങ്കില്‍ ഇവര്‍ മൂക്ക് ചെത്തിക്കളയുമോ? അവരൊന്നും വേറെ സിനിമയില്‍ അഭിനയിക്കില്ലേ? കാലമൊക്കെ മാറിപ്പോയി. മോഹന്‍ലാലിനൊന്നും അറിയാന്‍ വയ്യാഞ്ഞിട്ടാണ്. സിനിമ തന്നെ മാറിപ്പോയി. സിനിമ എന്ന ലോകം മാറിപ്പോയി.

ഇപ്പോഴും പഴംപുരാണം പറഞ്ഞ് എ.എം.എം.എയുടെ കാലുംപിടിച്ച് ഇരുന്നാല്‍ അവസാനം ഗതി അധോഗതിയായിരിക്കുമെന്ന ഒരു മുന്നറിയിപ്പുകൂടിയാണ് ഇത്. ഈ കേസോടുകൂടിയെങ്കിലും ഈ സംഘടനയിലുള്ള പൊള്ളത്തരങ്ങളും ഈ സൂപ്പര്‍സ്റ്റാര്‍, സ്റ്റാര്‍ എന്നൊക്കെ പറഞ്ഞ് നടക്കുന്ന ഇവരുടെ ഉള്ളില്‍ എന്താണെന്നും ഇവര്‍ എങ്ങനെയാണ് നില്‍ക്കുന്നത് എന്നുള്ളതിന്റെ പച്ചയായ വിവരണം കേരളത്തിലെ ആളുകള്‍ക്ക് കിട്ടും. അത് കിട്ടണമെന്നാണ് ഞാന്‍ പറയുന്നത്.

അഭിനയം നല്ലൊരു തൊഴിലാണ്, കലയാണ്. കഴിവുള്ളവരാണ്. ഇതൊക്കെ ശരിയാണ്. പക്ഷേ ഇതിലെല്ലാത്തിലും ഉപരി ഒരു കാര്യം കൂടിയുണ്ട്. മനസ് നന്നായിരിക്കണം. സത്യസന്ധമായ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ആര്‍ജ്ജവം കൂടി കാണിക്കണം. ഇത് കാണിക്കാതെ കള്ളത്തരങ്ങള്‍ മാത്രം പറയുക, മൗനം പാലിച്ചുകൊണ്ടിരിക്കുക, സ്വാധീനത്തില്‍ വീഴുക, അല്ലെന്നുണ്ടെങ്കില്‍ അതിന് വേണ്ടി പ്രവര്‍ത്തിക്കുക. ഇതൊക്കെ ചെയ്തുകൊണ്ടിരുന്നാല്‍ ഇവരെ എങ്ങനെയാണ് കലാകാരന്മാര്‍ എന്നുവിളിക്കുന്നത്.

ഇതിനകത്ത് മൗനം ഭഞ്ജിച്ചവര്‍ക്കും പിന്തുണച്ചവര്‍ക്കും മൊഴി മാറ്റിയവര്‍ക്കുമൊക്കെ ലാഭമേ ഉണ്ടായിട്ടുള്ളൂ. നഷ്ടമുണ്ടായിട്ടില്ല. ആ ലാഭം ഉണ്ടായിട്ടുള്ള ആളുകള്‍ക്ക് അത് അനുഭവിക്കാനുള്ള യോഗ്യത പോലും ഇല്ല എന്നാണ് എനിക്ക് പറയാനുള്ളത്,’ ബൈജു കൊട്ടാരക്കര പറഞ്ഞു.

താന്‍ കടന്നുപോന്ന വഴികളെ കുറിച്ചും തനിക്ക് പിന്തുണ നല്‍കി ഒപ്പം നിന്നവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടും അക്രമത്തെ അതിജീവിച്ച നടി കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ ഒരു പോസ്റ്റിട്ടിരുന്നു.

ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി തന്റെ പേരും വ്യക്തിത്വവും, തനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണെന്നും നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

കുറ്റം ചെയ്തത് താന്‍ അല്ലെങ്കിലും തന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ടെന്നും ആ സമയത്തൊക്കെ തനിക്ക് വേണ്ടി സംസാരിക്കാനും തന്റെ ശബ്ദം നിലയ്ക്കാതിരിക്കാനും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നെന്നും ഇന്ന് തനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ തനിച്ചല്ലെന്ന് തിരിച്ചറിയുകയാണെന്നും നടി പറഞ്ഞിരുന്നു.

പൃഥ്വിരാജ്, ടൊവിനോ ബാബുരാജ്, കുഞ്ചാക്കോ ബോബന്‍, സംയുക്ത മേനോന്‍, ഗായിക സയനോര, ഐശ്വര്യ ലക്ഷ്മി, അന്ന ബെന്‍, പാര്‍വ്വതി തിരുവോത്ത്, നിമിഷ സജയന്‍, മഞ്ജു വാര്യര്‍ തുടങ്ങി നിരവധി താരങ്ങള്‍ ഇതിന് പിന്നാലെ പിന്തുണയുമായി എത്തിയിരുന്നു.

വൈകിയാണെങ്കിലും മമ്മൂട്ടിയും അതിന് പിന്നാലെ മോഹന്‍ലാലും നടിയുടെ കുറിപ്പ് തങ്ങളുടെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരുന്നു.

നടി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

‘ ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല, ഇരയാക്കപ്പെടലില്‍ നിന്നും അതിജീവനത്തിലേക്കുള്ള ഈ യാത്ര’. 5 വര്‍ഷമായി എന്റെ പേരും വ്യക്തിത്വവും, എനിക്ക് സംഭവിച്ച അതിക്രമത്തിനടിയില്‍ അടിച്ചമര്‍ത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാന്‍ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങള്‍ ഉണ്ടായിട്ടിട്ടുണ്ട്. എന്നാല്‍ അപ്പോളൊക്കെയും ചിലരൊക്കെ നിശബ്ദത ഭേദിച്ച് മുന്നോട്ട് വന്നു; എനിക്ക് വേണ്ടി സംസാരിക്കാന്‍, എന്റെ ശബ്ദം നിലയ്ക്കാതിരിക്കാന്‍. ഇന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ ഞാന്‍ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലരാനും തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാര്‍ക്കും ഉണ്ടാവാതെയിരിക്കാനും ഞാന്‍ ഈ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കും. കൂടെ നില്‍ക്കുന്ന എല്ലാവരുടേയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress Attack Case Director Baiju Kottarakkara Criticise Mohanlal and AMMA and Other Actors

Video Stories