| Wednesday, 2nd February 2022, 10:50 am

ചോദ്യം ചെയ്യലിനിടെ രോഷാകുലനായി ചാടിയെഴുന്നേറ്റ് ദിലീപ്; പ്രകോപിതനായത് മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയപ്പോള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ചോദ്യം ചെയ്യലിനിടെ നടന്‍ ദിലീപ് രോഷാകുലനായി ചാടിയെഴുന്നേറ്റതായി പ്രോസിക്യൂഷന്‍.

നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദിലീപ് രോഷാകുലനായത്. പ്രോസിക്യൂഷനാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്.

ചോദ്യം ചെയ്യലിനിടെ ചാടിയെഴുന്നേറ്റ് നിങ്ങളെന്നെ വെറുതെ കേസില്‍ പ്രതിയാക്കുകയാണെന്നും സഹകരിക്കില്ലെന്നും ദിലീപ് പറഞ്ഞതായി പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.

ദിലീപ് അന്വേഷണവുമായി സഹകരിക്കില്ലെന്ന് പ്രോസിക്യൂഷന്‍ നേരത്തേയും കോടതിയെ അറിയിച്ചിരുന്നു. ദിലീപും മറ്റ് പ്രതികളും അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി മുന്‍കൂര്‍ ജാമ്യം നിഷേധിക്കണമെന്ന് ഡി.ജി.പി കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

ദിലീപ് അടക്കമുളള പ്രതികള്‍ നിസഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ചോദ്യം ചെയ്യലിനോട് നിസഹകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കും. ചോദ്യം ചെയ്യലില്‍ ഉടനീളം ഇതായിരുന്നു ദിലീപ് അടക്കമുള്ള പ്രതികളുടെ രീതിയെന്നും പ്രോസിക്യൂഷന്‍ കൂട്ടിചേര്‍ത്തു.

ദിലീപ് നല്‍കുന്ന പല മൊഴികളിലും വൈരുദ്ധ്യം ഉണ്ടെന്നാണ് പോസിക്യൂഷന്റെ നിലപാട്. 36 മണിക്കൂര്‍ നേരമായിരുന്നു നേരത്തെ ക്രൈം ബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്.

എന്നാല്‍ ദിലീപിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കസ്റ്റഡിയില്‍ ആവശ്യമുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദിലീപിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്ന് നാളെ മറ്റ് പ്രതികള്‍ പറയാന്‍ ഇടയാക്കരുതെന്നും അത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതികള്‍ അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ദീലിപ് ജാമ്യത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കാന്‍ അന്വേഷണവുമായി സഹകരിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും കോടതി പറഞ്ഞു.

ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ആലുവ മജിസ്‌ട്രേറ്റിന് കൈമാറാന്‍ ഹൈക്കോടതി ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഈ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈപ്പറ്റാം.

നിലവില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കോളുകള്‍ ചെയ്യാന്‍ ഉപയോഗിച്ച ഫോണ്‍ ആണ് ദിലീപ് കൈയില്‍ ഇല്ലായെന്ന് പറയുന്നത്. 1,3,7 ഫോണുകള്‍ ആണ് ദിലീപ് കോടതിയില്‍ എത്തിച്ചത്. ഏഴ് വര്‍ഷമായി ഉപയോഗിച്ചതെന്ന് പറഞ്ഞ് സുരാജ് കൈമാറിയത് ഈ അടുത്ത് മാത്രം ഉപയോഗിച്ച ഫോണാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

സി.ഡി.ആര്‍ പരിശോധിച്ചപ്പോഴാണ് ഫോണിന്റെ കാര്യത്തില്‍ സുരാജ് കള്ളം പറയുകയാണ് എന്ന് മനസ്സിലായത്. കേസില്‍ ക്രമനമ്പര്‍ പ്രകാരം മൂന്നാമതുള്ള ഫോണും നിര്‍ണായകമാണ്. അതും കാണാനില്ലായെന്നാണ് ദിലീപ് പറയുന്നത്. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ 9995676722 നമ്പറില്‍ ഉപയോഗിച്ച് ഫോണ്‍ 23.1.2021 മുതല്‍ 31.8.2021 വരെ ഉപയോഗിച്ചിരുന്നതാണ്.

221 ദിവസം ഫോണ്‍ ഉപയോഗിച്ചതിന്റെ സിഡിആര്‍ പൊലീസിന്റെ കൈയ്യിലുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത കാലത്ത് ഉപയോഗിച്ച ഫോണ്‍ ഇല്ല എന്ന് എങ്ങനെയാണ് പറയാനാവുകയെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. ക്രമനമ്പര്‍ ഒന്നായി രേഖപ്പെടുത്തിയ ഫോണില്‍ 2075 കോളുകള്‍ ഉണ്ട്. ഈ ഫോണും ഇല്ലാ എന്നാണ് പറയുന്നത്. 23121 മുതല്‍ 201221 വരെയുള്ള കോളുകള്‍ ആണ് സി.ഡി.ആര്‍ പ്രകാരം ക്രമനമ്പര്‍ മൂന്നാം ഫോണില്‍ ഉള്ളതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

7 ഫോണുകളില്‍ 6 എണ്ണം മാത്രമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചതെന്നും കോടതി നിരീക്ഷിച്ചു. ഹാജരാക്കാത്ത ഫോണില്‍ 12,000ത്തിലധികം കോളുകള്‍ വിളിച്ചതായി പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.

ഏത് ഫോണാണ് മുംബൈയിലേക്ക് കൊണ്ടുപോയതെന്ന് ദിലീപ് വ്യക്തമാക്കിയിട്ടില്ല. കോടതിയുടെയോ അന്വേഷകസംഘത്തിന്റെയോ അനുമതിയോ അറിവോ ഇല്ലാതെ തിടുക്കത്തില്‍ ഫോണുകള്‍ സ്വകാര്യ ലാബില്‍ എത്തിച്ചത് തെളിവ് നശിപ്പിക്കാനാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ വിലയിരുത്തല്‍.

Content highlight: Dileep Actress Attack Case Questioning

We use cookies to give you the best possible experience. Learn more