| Thursday, 20th January 2022, 3:45 pm

സാക്ഷികള്‍ കൂറുമാറിയത് ദിലീപിന്റെ സഹായത്തോടെ; മുന്‍കൂര്‍ ജാമ്യാപേക്ഷ എതിര്‍ത്ത് പ്രോസിക്യൂഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി.

ജാമ്യാപേക്ഷ നാളെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്ന കേസിലാണ് നടന്‍ ദിലീപും കൂട്ടുപ്രതികളും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് തൊട്ടുമുമ്പായി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.

ലൈംഗിക പീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും, പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് പതിവില്ലാത്ത കാര്യമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ദിലീപിന് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്നും ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാരും പൊലീസും സത്യവാങ്മൂലത്തില്‍ പറയുന്നത്.

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും മുഖ്യ സൂത്രധാരന്‍ ദിലീപാണെന്നും പ്രതിയുടെ ക്രിമിനല്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് ഈ കേസുകള്‍ എന്നും ഇതില്‍ പറയുന്നു.

എന്തെങ്കിലും വ്യക്തിപരമായ താല്‍പര്യത്തിന് വേണ്ടിയോ വിരോധം കൊണ്ടോ അല്ല കേസെടുത്തതെന്നും, ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതിന് കൃത്യമായ തെളിവുകളും മൊഴിയുമുണ്ടെന്നും അതുകൊണ്ടാണ് കേസുമായി മുന്നോട്ട് പോകുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ഇത് ഗുരുതര സ്വഭാവമുള്ളതാണ്. സംവിധായകന്ഡ ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്ദ സാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫോറന്‍സിക് പരിശോധനക്ക് അയക്കേണ്ടതുണ്ട്.

അന്വേഷണം തടസപ്പെടുത്താനാണ് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശ്രമം. ദിലീപ് വലിയ സ്വാധീനശക്തിയുള്ള വ്യക്തിയായത് കൊണ്ടുതന്നെ ജാമ്യം അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂറുമാറിയത് ദിലീപിന്റെ സഹോയത്തോടെയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ 20 സാക്ഷികളാണ് കൂറുമാറിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress attack case Dileep’s bail application resisted by prosecution

We use cookies to give you the best possible experience. Learn more