ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടില്‍ നടന്നു?; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരച്ചില്‍; മാപ്പുസാക്ഷിയാക്കിയേക്കും
Kerala
ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടില്‍ നടന്നു?; ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരച്ചില്‍; മാപ്പുസാക്ഷിയാക്കിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th January 2022, 10:35 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുഖ്യപ്രതി ദിലീപ് ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികളുടെ ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.

ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് , ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയാണ് കളമശ്ശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ കഴിഞ്ഞ രണ്ടു ദിവസം ചോദ്യംചെയ്തത്. ദിലീപ് അടക്കമുള്ള അഞ്ചുപ്രതികളെ രണ്ടു ദിവസമായി 22 മണിക്കൂര്‍ ആണ് ചോദ്യം ചെയ്തത്. ബാലചന്ദ്രകുമാര്‍ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടില്‍ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലില്‍ ഒരു പ്രതി സമ്മതിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ തനിക്ക് ഇതില്‍ പങ്കാളിത്തമില്ലെന്ന് ആവര്‍ത്തിച്ചു പറഞ്ഞ ഇയാള്‍ ഇന്നലെ ചോദ്യം ചെയ്യലിനിടയില്‍ 2 തവണ പൊട്ടിക്കരഞ്ഞതായാണ് വിവരം. കടുത്ത മാനസിക സമ്മര്‍ദത്തിലായ ഇയാള്‍ ഇന്നലെ കാര്യമായി സംസാരിച്ചില്ലെന്നാണ് സൂചന. ഇയാളെ മാപ്പുസാക്ഷിയാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കമെന്നാണ് സൂചന. ഇയാളെ മാപ്പുസാക്ഷിയാക്കേണ്ടി വന്നാല്‍ മാത്രം മജിസ്‌ട്രേട്ട് മുന്‍പാകെ രഹസ്യമൊഴി രേഖപ്പെടുത്തിയാല്‍ മതിയെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്.

ചോദ്യം ചെയ്യലിന്റെ അവസാന ദിവസമായ ഇന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിനെ കൂടി വിളിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയതായാണ് സൂചന. കേസിന്റെ അന്വഷണപുരോഗതിയും ചോദ്യം ചെയ്യലിന്റെ വിവരങ്ങളും വ്യാഴാഴ്ച അറിയിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത്.

ഞായറാഴ്ച്ച തുടങ്ങിയ ചോദ്യം ചെയ്യലിന്റെ അവസാനദിനമാണിന്ന്. രാവിലെ 9 ന് തുടങ്ങുന്ന ചോദ്യം ചെയ്യല്‍ രാത്രി 8 ന് അവസാനിപ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം. ഇക്കഴിഞ്ഞ രണ്ട് ദിവസങ്ങളിലും 11 മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു. ചോദ്യം ചെയ്യലിന്റെ റിപ്പോര്‍ട്ട് വ്യാഴാഴ്ച്ചയാണ് സമര്‍പ്പിക്കുക. റിപ്പബ്ലിക് ദിനമായതിനാല്‍ നാളെ ഹൈക്കോടതി അവധിയാണ്.

അതേസമയം കഴിഞ്ഞ ദിവസം തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയെ ക്രൈംബ്രാഞ്ച് വിളിപ്പിച്ചിരുന്നു. ദിലീപ് നായകമായി അഭിനയിക്കുന്ന ബാലചന്ദ്രകുമാറിന്റെ സിനിമയില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ തന്നെയാണ് തന്നെ അറിയിച്ചതെന്ന് റാഫി മൊഴി നല്‍കി. സിനിമയില്‍ നിന്നും പിന്മാറിയതിന്റെ വൈരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്ന് ദിലീപും താനാണ് സിനിമയില്‍ നിന്നും ആദ്യം പിന്‍മാറിയതെന്ന് ബാലചന്ദ്രകുമാറും പറഞ്ഞ സാഹചര്യത്തില്‍ റാഫിയുടെ മൊഴി നിര്‍ണായകമാവും.

പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാര്‍ ക്രൈംബ്രാഞ്ചിന് കൈമാറിയ ഡിജിറ്റല്‍ തെളിവില്‍ റാഫിയുടെ ശബ്ദവും പതിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം റാഫിയെ വിളിച്ചുവരുത്തിയത്.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ദിലീപിനെതിരെ കൂടുതല്‍ ആളുകള്‍ തെളിവുകളുമായി രംഗത്ത് വരുമെന്ന് പള്‍സര്‍ സുനി പറഞ്ഞതായി അമ്മ ശോഭന മാധ്യമങ്ങളോട് പറഞ്ഞു.