| Thursday, 3rd February 2022, 12:03 pm

ദിലീപിന്റെ ഫോണുകള്‍ കോടതിയില്‍ തുറക്കില്ല; നേരിട്ട് ഫോറന്‍സിക് ലാബിലേക്ക് അയക്കുമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകള്‍ കോടതിയില്‍ തുറക്കില്ല. ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഫോണുകള്‍ നേരിട്ടയക്കുമെന്ന് ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പറഞ്ഞു.

ഫോണുകള്‍ ലാബിലേക്ക് നേരിട്ട് അയക്കാന്‍ പാടില്ലെന്നും കോടതി ഫോണ്‍ തുറന്നുപരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്താനാണ് കോടതി തന്നെ ഫോണ്‍ തുറന്നു പരിശോധിക്കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

ഫോണ്‍ തങ്ങള്‍ക്ക് കാണേണ്ടതില്ലെന്നും ഇനി അഥവാ പ്രതികള്‍ നല്‍കിയ പാറ്റേണ്‍ തെറ്റാണെങ്കില്‍ വീണ്ടും തങ്ങള്‍ക്ക് കോടതിയെ സമീപിക്കേണ്ടി വരുമെന്നും ലാബില്‍ നിന്ന് പാറ്റേണ്‍ തെറ്റാണെന്ന് കണ്ടെത്തിയാല്‍ ഫോണില്‍ മാനിപുലേഷന്‍ നടന്നിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചേക്കാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദം കോടതി പരിഗണിച്ചില്ല. ഫോണ്‍ കോടതിയില്‍ തുറക്കേണ്ടതില്ലെന്നും നേരിട്ട് ഫോറന്‍സിക് ലാബിലേക്ക് അയക്കുകയാണെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്.

അതേസമയം ഗൂഢാലോചന കേസില്‍ പ്രതികളുടെ ശബ്ദസാമ്പിള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിട്ടുണ്ട്. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെയാണ് അന്വേഷണ സംഘം സമീപിച്ചത്. ദിലീപ്,അനൂപ്, സുരാജ് എന്നിവരുടെ ശബ്ദ സാമ്പിളാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടത്

അതിനിടെ നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് പ്രതി ദിലീപ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.

അന്വേഷണ സംഘം വിചാരണക്കോടതിയില്‍ നല്‍കിയ തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിചാരണയ്ക്ക് ഒരുമാസം അനുവദിച്ചത് നീതികരിക്കാനാകാത്തതാണെന്നും ദിലീപ് ഹരജിയില്‍ പറഞ്ഞു.

നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സമയം നീട്ടി നല്‍കിയത്. തുടരന്വേഷണം റദ്ദാക്കണം. വിചാരണ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് പറഞ്ഞു.

ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് അതേ ബെഞ്ചില്‍ തന്നെ പുതിയ ഹരജിയുമായി ദിലീപ് എത്തിയത്.
ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ചാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.

അന്വേഷണത്തോട് പൂര്‍ണമായി സഹകരിച്ചെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട ഫോണുകളില്‍ തങ്ങളുടെ കൈവശമുളളത് ഹാജരാക്കിയെന്നും ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാകും പ്രതിഭാഗം വാദിക്കുക.

എന്നാല്‍ കേസിനെ വഴി തിരിച്ചുവിടാന്‍ പ്രതിഭാഗം ശ്രമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ഹാജരാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ അറിയിക്കും. അതിനാല്‍ തന്നെ ദിലീപിന്റെയും കൂട്ടുപ്രതികളുടേയും മുന്‍കൂര്‍ ജാമ്യഹരജി തള്ളണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

അതിനിടെ ദിലീപും കൂട്ടുപ്രതികളും കൈമാറിയ ആറു ഫോണുകള്‍ ഫൊറന്‍സിക് പരിശോധന നടത്തുന്നത് സംബന്ധിച്ച് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തീരുമാനമെടുക്കും. ദിലീപിന്റേയും കൂട്ടുപ്രതികളുടെയും ഫോണുകള്‍ പരിശോധനയ്ക്കയ്ക്കുന്നതിനെച്ചൊല്ലി ഇന്നലെ തര്‍ക്കമായതോടെയാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. ആലുവ കോടതിയില്‍വെച്ച് ഫോണ്‍ തുറക്കാനാകില്ലെന്ന് തടസവാദമാണ് പ്രതിഭാഗം ഉന്നയിച്ചത്.

പ്രതികള്‍ കൈമാറിയ ഫോണിന്റെ പാറ്റേണ്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയശേഷം പരിശോധനയ്ക്ക് അയക്കണമെന്ന നിലപാട് പ്രോസിക്യൂഷനും സ്വീകരിക്കുകയായിരുന്നു. തര്‍ക്കം തുടര്‍ന്നതോടെയാണ് തീരുമാനമെടുക്കുന്നത് ആലുവ മജിസ്‌ട്രേറ്റ് കോടതി ഇന്നത്തേക്ക് മാറ്റിയത്.

ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയത്.

ദിലീപ് അന്വേഷണത്തോട് ഒരു വിധത്തിലും സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. ഉത്തരം മുട്ടുന്ന ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ചാടിയെഴുന്നേറ്റ് സഹകരിക്കില്ലയെന്ന് ദിലീപ് പറയുകയാണെന്നും ദിലീപ് അടക്കമുളള പ്രതികള്‍ നിസ്സഹകരിക്കുന്ന വീഡിയോ ക്ലിപ്പിംഗ് കൈയ്യിലുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു.

ചോദ്യം ചെയ്യലില്‍ ഉടനീളം ഇതായിരുന്നു ദിലീപ് അടക്കമുള്ള പ്രതികളുടെ രീതിയെന്നും പ്രോസിക്യൂഷന്‍ കോടതിയെ ബോധിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിനോട് നിസ്സഹകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യമെങ്കില്‍ ഹാജരാക്കും.

Latest Stories

We use cookies to give you the best possible experience. Learn more