Movie Day
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും കുരുക്കിലേക്ക്; പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചതിന്റെ തെളിവുകള്‍ പുറത്ത്
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. റിപ്പോര്‍ട്ടര്‍ ടി.വിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍ പുറത്തുവിട്ടത്.
കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് സാഗറിന് പണം കൈമാറിയെന്നതിന്റെ തെളിവുകളാണ് പുറത്തുവരുന്നത്.
സാഗറിന്റെ മനസുമാറ്റിയെടുത്ത് പണം കൈമാറിയ കാര്യം ദിലീപിനോട് സഹോദരന്‍ അനൂപ് പറയുന്നതിന്റെ ശബ്ദരേഖകളും പുറത്തുവന്നിട്ടുണ്ട്.
ഹോട്ടലില്‍ മുറിയെടുത്തത് സുധീറിന്റെ പേരിലാണെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.
സാഗര്‍ ഫിലിപ്പച്ചായനെ( ദിലീപിന്റെ അഭിഭാഷകന്‍) കാണാന്‍ പോയോ എന്ന് ദിലീപ് ചോദിക്കുന്നതും നമ്മുടെ സ്വിഫ്റ്റില്‍ ആലപ്പുഴയില്‍ കൊണ്ടുപോയി മനസ് മാറ്റിയെടുത്തു എന്ന് അനൂപ് പറയുന്നതും ഓഡിയോയില്‍ കേള്‍ക്കാം.
ആലപ്പുഴയിലെ ഹോട്ടലില്‍ വെച്ചാണ് സാഗറിനെ സ്വാധീനിച്ചതെന്ന കാര്യം നേരത്തെ പൊലീസിന് മനസിലായിരുന്നെങ്കിലും ഇത് തെളിയിക്കുന്ന രേഖകളോ തെളിവുകളോ പൊലീസിന് ലഭിച്ചിരുന്നില്ല. സാക്ഷിമൊഴികളും ലഭിച്ചിരുന്നില്ല. എന്നാല്‍ ഹോട്ടലില്‍ മുറിയെടുത്തതായുള്ള രജിസ്റ്ററും അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്ര കുമാറിന്റെ മൊഴിയുമാണ് ഇപ്പോള്‍ ഈ സംഭവത്തില്‍ വഴിത്തിരിവായത്.
2017 സെപ്റ്റംബര്‍ 19ാം തിയതിയാണ് ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ കാവ്യയുടെ ഡ്രൈവറും ലക്ഷ്യയിലെ ജീവനക്കാരന്‍ കൂടിയായിരുന്ന സുനീര്‍ എത്തുന്നത്. ദിലീപിന്റെ അഭിഭാഷകനും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ഇരുവരും സാഗറിനെ അവിടെ എത്തിക്കുകയും മൊഴി മാറ്റാന്‍ പ്രേരിപ്പിക്കയുമായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
സാഗര്‍ ഉള്‍പ്പെടെയുള്ളവരെ പൊലീസ് വീണ്ടും ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ കൈയില്‍ എത്തിയിട്ടുണ്ടെന്നതിന്റെ പ്രധാന സാക്ഷിയായിരുന്നു സാഗര്‍. മാത്രമല്ല കാവ്യയ്ക്കും ഇതില്‍ പങ്കുണ്ടെന്ന രീതിയിലായിരുന്നു സാഗര്‍ നേരത്തെ നല്‍കിയ മൊഴി.
നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു.
മൊഴി മാറ്റാന്‍ സാഗറിനുനേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
2017 നവംബര്‍ 15 തിയതി നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, വി.ഐ.പി, ദിലീപിന്റെ മറ്റൊരു സുഹൃത്ത് ബൈജു എന്നിവരാണ് സംഭാഷണം നടക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്നത്.
സാഗറിന് ആലപ്പുഴയിലേക്ക് സ്വിഫ്റ്റ് കാറില്‍ കൊണ്ടുപോയി അവിടെ നിന്നും മനംമാറ്റിയാണ് തിരികെ കൊണ്ടുവന്നതെന്ന് അനൂപ് ദിലീപിനോട് പറയുന്നുണ്ട്. തന്റെ അഭിഭാഷകനായ ഫിലിപ്പ് ടി വര്‍ഗ്ഗീസിനെ കാണാന്‍ സാഗര്‍ പോയോ എന്ന് ദീലീപ് ചോദിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം.
സാഗര്‍ മൊഴിമാറ്റിയ സാഹചര്യത്തില്‍ പൊലീസിന് ഇനി സാഗറിനെ തൊടാന്‍ കഴിയില്ലെന്ന് ആയിരുന്നു അവിടെ ഉണ്ടായിരുന്ന വി.ഐ.പിയുടെ പ്രതികരണം. അതേസമയം, സാഗറിനെ സ്വാധീനിച്ചെന്ന് കണ്ടെത്തിയാല്‍ ദിലീപിന്റെ ജാമ്യം റദ്ദാകുമോ എന്ന ആശങ്ക സഹോദരി ഭര്‍ത്താവായ സുരാജ് പറയുന്നതും ഓഡിയോയില്‍ ഉണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ