| Friday, 28th January 2022, 3:07 pm

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി; അറസ്റ്റ് അനിവാര്യമെന്ന് പ്രോസിക്യൂഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ പ്രതി ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി നാളത്തേക്ക് മാറ്റി. നാളെ 11 മണിക്ക് കേസ് പരിഗണിക്കും.

അറസ്റ്റ് അനിവാര്യമാണെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. അറസ്റ്റില്‍ നിന്ന് ദിലീപിന് കൊടുക്കുന്ന സംരക്ഷണം അന്വേഷണത്തെ ബാധിക്കുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഫോണ്‍ കൈമാറണമെന്നും കോടതി പറഞ്ഞു.

തുടര്‍വാദം നാളേക്ക് മാറ്റിവെച്ച കോടതി നടപടിയോട് സഹകരിച്ച പ്രോസിക്യൂഷനെ കോടതി അഭിനന്ദിക്കുകയും ചെയ്തു. ദിലീപിന്റെ ഇന്നത്തെ നിലപാടില്‍ കോടതി വലിയ അതൃപ്തിയും രേഖപ്പെടുത്തിയിട്ടുണ്ട്.

ഫോണ്‍ കൈമാറുന്നത് അപകടകരമാകുമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ കോടതിയ്ക്ക് നല്‍കുന്നത് എങ്ങനെ അപകടകരമാകുമെന്ന് കോടതി ചോദിച്ചു. ഇവിടെ നിന്നും ഫോണ്‍ എങ്ങോട്ടും ഓടിപ്പോകില്ലെന്നും കോടതി പറഞ്ഞു. സ്വകാര്യതയാണ് പ്രശ്‌നമെങ്കില്‍ അത് സംരക്ഷിക്കുമെന്ന് കോടതി ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഫോണ്‍ കൈമാറാന്‍ ആകില്ലെന്ന നിലപാടില്‍ ദിലീപിന്റെ അഭിഭാഷകന്‍ ഉറച്ചുനിന്നു. അതേസമയം ഇതുവരെ നടന്ന വാദങ്ങളില്‍ പ്രഥമദൃഷ്ട്യാ പ്രോസിക്യൂഷനൊപ്പമാണെന്നും കോടതി പറഞ്ഞു.

അന്വേഷണസംഘം ആവശ്യപ്പെട്ട ഫോണ്‍ അഭിഭാഷകന് കൈമാറിയത് ശരിയായില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു. ഫോണ്‍ അന്വേഷണത്തിന് അനിവാര്യമാണെന്നും ഇത് എന്തുകൊണ്ട് കൈമാറിയില്ലെന്നും കോടതി ആരാഞ്ഞു. ഫോണ്‍ കൈമാറാന്‍ ആശങ്ക എന്തിനാണെന്നും കോടതി ചോദിച്ചു.

എന്നാല്‍ 2016ലോ 2017 ലോ ഉപയോഗിച്ച ഫോണ്‍ അല്ല ഇതെന്നും ഗൂഢാലോചന കേസില്‍ ഉപയോഗിച്ചിട്ടില്ലെന്നും ആ ഫോണിലുള്ള മുഴുവന്‍ തെളിവുകളും തങ്ങളുടെ കൈവശമുണ്ടെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

ബാലചന്ദ്രകുമാറുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ ശേഖരിക്കനാണ് ഫോണ്‍ ഫോറന്‍സിക് പരിശോധനക്ക് കൈമാറിയത്. പ്രോസിക്യൂഷന്‍ പറയുന്നതില്‍ കാര്യമില്ലെന്നും ലഭിക്കുന്ന വിവരങ്ങള്‍ കോടതിയ്ക്ക് കൈമാറാമെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിനെതിരെ നിര്‍ണായക തെളിവ് കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കേസിലെ വിചാരണക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാം എന്ന് ദിലീപ് പറയുന്ന ഓഡിയോ ക്ലിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചെന്നാണ് സൂചന.

ഇതിന് പിന്നാലെയായിരുന്നു ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിിച്ചത്. തുടര്‍ന്ന് പ്രോസക്യൂഷന്റെ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിക്കുകയായിരുന്നു.

ദിലീപ് അടക്കം ആറ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച പരിഗണിക്കാനായിരുന്നു കോടതി മാറ്റിയത്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിക്കാന്‍ സാവകാശം വേണമെന്ന സര്‍ക്കാര്‍ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി.

ദിലീപ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി ബുധനാഴ്ചവരെ നീട്ടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യ ഹരജി ഇന്ന് പരിഗണിക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷന്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.

ഇന്ന് രാവിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ചേംബറില്‍ കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരുടെ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത നീക്കം.

കേസുമായി ദിലീപ് സഹകരിക്കുന്നില്ലെന്നും പ്രധാന തെളിവ് ആയ മൊബൈല്‍ ഫോണ്‍ ഹാജരാക്കിയില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

അന്വേഷണവുമായി സഹകരിക്കണമെന്ന് ഹൈക്കോടതി ദിലീപിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ദിലീപ് ഇതു പാലിക്കാത്തത് വ്യവസ്ഥകളുടെ ലംഘനമാണ്. പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും ഹരജിയില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlight: Actress Attack Case Dileep Bail Highcourt

We use cookies to give you the best possible experience. Learn more