Kerala
കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ക്രൈം ബ്രാഞ്ച്; ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചെന്ന് ദിലീപ് സമ്മതിച്ചതായും സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Mar 30, 05:52 am
Wednesday, 30th March 2022, 11:22 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. ശരത്തിനേയും സൂരജിനേയും ദിലീപിന് ഒപ്പമിരുത്തി ചോദ്യം ചെയ്യാനും നീക്കമുണ്ട്.

വധഗൂഡാലോചന കേസില്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയാണെന്ന് ദിലീപ് പറഞ്ഞതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും താന്‍ ഏര്‍പ്പാടാക്കിയിട്ടില്ലെന്നും ദിലീപ് ചോദ്യം ചെയ്യലില്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസം ദിലീപിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കാവ്യയെയും ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.

സിനിമാ മേഖലയിലുള്ള സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിനൊപ്പം കാവ്യയും ശ്രമിച്ചിരുന്നെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസില്‍ സ്ത്രീകളടക്കമുള്ള താരങ്ങള്‍ കൂറ് മാറിയിരുന്നു. ഇതിനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ കാവ്യ മാധവനില്‍ നിന്നും അന്വേഷണ സംഘം ചോദിച്ചറിയും.

കേസിലെ നിര്‍ണായക വ്യക്തിയായി കരുതപ്പെടുന്ന മാഡത്തിലേക്ക് എത്തിപ്പെടാനുള്ള ശ്രമത്തിന്റെ കൂടി ഭാഗമായാണ് ചോദ്യം ചെയ്യല്‍.

കാവ്യയാണോ മാഡമെന്ന് അന്വേഷണ സംഘത്തിന് സംശയമുണ്ട്. അതേസമയം പൊലീസ് ക്ലബില്‍ വെച്ചല്ല, വീട്ടിലെത്തിയാണ് നടിയെ ചോദ്യം ചെയ്യുക. നേരത്തെ നടിയെ ആക്രമിച്ച കേസില്‍ നാലര മണിക്കൂര്‍ കാവ്യ മാധാവനെ എ.വി ജോര്‍ജിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു.

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചു നല്‍കിയ വി.ഐ.പിയായ ശരത്തുമായി കാവ്യ നടത്തിയ സംഭാഷണത്തെക്കുറിച്ചായിരിക്കും പ്രധാനമായി ചോദിക്കുക. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്തതില്‍ കാവ്യയും ശരത്തും തമ്മിലുള്ള സംഭാഷണവുമുണ്ടായിരുന്നെന്നാണ് അന്വേഷണസംഘം പറഞ്ഞത്.

ഇതിനൊപ്പം, ദൃശ്യങ്ങള്‍ ആദ്യം എത്തിച്ചത് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലാണ് എന്ന സാക്ഷി സാഗറിന്റെ മൊഴിയെക്കുറിച്ചും ക്രൈംബ്രാഞ്ച് ചോദിച്ചറിയും.

നടിയെ പള്‍സര്‍ സുനിയും ഗുണ്ടാ സംഘവും ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കണ്ട ശേഷം ദിലീപ് ടാബ് കൈമാറിയത് കാവ്യാ മാധവനാണെന്ന് ബാലചന്ദ്രകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘത്തോടും കോടതിക്ക് നല്‍കിയ മൊഴിയിലും പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ പരമാവധി തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ബാലചന്ദ്ര കുമാറിന്റെ സാന്നിധ്യത്തില്‍ മറ്റു പ്രതികളെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

അടുത്ത ദിവസങ്ങളില്‍ തന്നെ ഈ ചോദ്യം ചെയ്യല്‍ നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. ശാസ്ത്രീയമായ രീതിയില്‍ തന്നയൊണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. ഡി.വൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Content Highlight: Actress attack case crime branch questions Kavya Madhavan