കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹരജി കോടതി തള്ളി. പത്താം പ്രതി വിഷ്ണുവിന്റെ വിടുതല്‍ ഹരജിയും കോടതി തള്ളിയിട്ടുണ്ട്.
പ്രഥമ ദൃഷ്ട്യാ ഇവര്‍ക്കെതിരെ തെളിവുകളുണ്ടെന്നും ഈയൊരു സാഹചര്യത്തില്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കുക സാധ്യമല്ലെന്നുമാണ് പ്രത്യേക ജഡ്ജി ഹണി വര്‍ഗീസ് ഉത്തരവില്‍ പറഞ്ഞത്.
തനിക്കെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും തനിക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും എന്നാല്‍ അതിനെ സാധൂകരിക്കുന്ന സാക്ഷിമൊഴികളോ സാഹചര്യ തെളിവുകളോ തനിക്കെതിരെ ഇല്ലെന്നുമായിരുന്നു ദിലീപ് വാദിച്ചത്. ഒന്നാം പ്രതി സുനില്‍ കുമാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് തനിക്ക് മേല്‍ കുറ്റം ചുമത്തിയതെന്നും വ്യാജ തെളിവുകളാണ് തനിക്കെതിരെ ചുമത്തിയതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്.
എന്നാല്‍ ദിലീപിനെ അങ്ങനെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും ഈ സംഭവത്തിന്റെ മുഴുവന്‍ സൂത്രധാരനും ദിലീപ് ആണെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
ദിലീപിന് വേണ്ടിയാണ് സുനില്‍ കുമാര്‍ ഇത്തരമൊരു കുറ്റകൃത്യത്തിന് തയ്യാറായതെന്നും ഒരു യുവതിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ സംഭവമാണ് ഇതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ദിലീപിനെതിരെ കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
ദിലീപ് നിഷ്‌ക്കളങ്കനല്ല. ദിലീപിന്റെ ഓരോ നീക്കങ്ങള്‍ക്കും തെളിവുണ്ട്. ക്വട്ടേഷന് പണം നല്‍കിയതിന് തെളിവുണ്ട്. അതിന് അനുസൃതമാകുന്ന സാക്ഷിമൊഴികളുണ്ട്. ഇത്തരമൊരു കുറ്റകൃത്യം നടത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച കാര്യത്തിന് സാക്ഷിമൊഴികളുണ്ട്. ഇരയായ പെണ്‍കുട്ടിയുടെ മൊഴിയുണ്ട്. പൂര്‍വ വൈരാഗ്യമാണ് ക്വട്ടേഷന് വഴി വെച്ചത്. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ല എന്നത് കൊണ്ട് മാത്രം കുറ്റപത്രത്തില്‍ നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചുരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കേസ് അവസാനിപ്പിക്കാന്‍ ആറുമാസത്തെ സമയമാണ് മേല്‍കോടതി തനിക്ക് അനുവദിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ വിടുതല്‍ ഹരജിയില്‍ ഇന്ന് തന്നെ വിധി പറയുകയാണെന്നും വ്യക്തമാക്കിയാണ് ജഡ്ജി ദിലീപിന്റെ വിടുതല്‍ ഹരജി തള്ളിക്കൊണ്ട് ഉത്തരവിട്ടത്.
അതേസമയം വിടുതല്‍ ഹരജിയുമായി ഹൈക്കോടതിയെയോ സുപ്രീം കോടതിയേയോ സമീപിക്കാനാണ് ദിലീപിന്റെ നീക്കം.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ