|

ദിലീപിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം; വ്യാഴാഴ്ച വരെ അറസ്റ്റ് പാടില്ല; ജാമ്യാപേക്ഷയില്‍ ഇടക്കാല ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അന്തിമ വിധി പറഞ്ഞില്ല.

ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിക്കുന്നത്.

ദിലീപും മറ്റ് പ്രതികളും അടുത്ത രണ്ട് ദിവസങ്ങളില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്നാണ് ഉത്തരവില്‍ പറയുന്നത്. വ്യാഴാഴ്ച വരെ ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

ഇതോടെ അടുത്ത ദിവസങ്ങളില്‍ ദിലീപിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

അന്വേഷണ പുരോഗതി ചൊവ്വാഴ്ച കോടതിയെ അറിയിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. നാളെ മുതല്‍ ചൊവ്വാഴ്ച വരെ ചോദ്യം ചെയ്യാനാണ് അനുമതി.

അതേസമയം ഉത്തരവിനെ പ്രോസിക്യൂഷന്‍ കോടതിയില്‍ എതിര്‍ത്തു. പ്രതികള്‍ ചോദ്യം ചെയ്യലിന് ശേഷം ഒത്തുകൂടാനും പിറ്റേ ദിവസത്തേക്കുള്ള മൊഴികള്‍ പ്‌ളാന്‍ ചെയ്യാനും സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.

ബാലചന്ദ്ര കുമാര്‍ പ്രോസിക്യൂഷന്‍ കെട്ടിയിറക്കിയ സാക്ഷിയാണെന്ന് നേരത്തെ ഹരജിയിന്മേല്‍ വാദം കേള്‍ക്കുന്നതിനിടെ പ്രതിഭാഗം വാദിച്ചിരുന്നു.

കേസ് നീട്ടിക്കൊണ്ട് പോകാനുള്ള പ്രോസിക്യൂഷന്റെ ശ്രമത്തിന്റെ ഭാഗമായി ഗൂഢാലേചനാ കേസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗം പറഞ്ഞിരുന്നു.

ദിലീപ് അടക്കമുള്ള പ്രതികള്‍ക്കായി അഡ്വക്കറ്റ് രാമന്‍പിള്ളയാണ് ഹാജരായത്.

നേരത്തെ, ദിലീപ് ഗൂഢാലോചന നടത്തി എന്ന് പ്രോസിക്യൂഷന്‍ വാക്കാല്‍ മാത്രം പറഞ്ഞാല്‍ പോരാ മറിച്ച് അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കണമെന്ന് ജാമ്യഹരജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞിരുന്നു.

ഒരാളെ കൊല്ലുമെന്ന് പ്രസ്താവന നടത്തിയാല്‍ അതെങ്ങനെ ഗൂഢാലോചനയുടെ പരിധിയില്‍ വരും എന്നായിരുന്നു കോടതി ചോദിച്ചത്.

കൃത്യം നടത്തുന്നതിന് വേണ്ട ഏതെങ്കിലും പ്രവര്‍ത്തനങ്ങള്‍ പ്രതികളുടെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കില്‍ മാത്രമേ ഗൂഢാലോചനയുടെ പരിധിയില്‍ വരൂ എന്നും ഭീഷണി മുഴക്കിയത് കൊണ്ടോ വാക്കാല്‍ പ്രസ്താവന നടത്തിയത് കൊണ്ടോ അത് ഗൂഢാലോചനയുടെ പരിധിയില്‍ വരില്ല എന്നും കോടതി നിരീക്ഷിച്ചിരുന്നു.

പ്രേരണാക്കുറ്റവും ഗൂഢാലോചനാക്കുറ്റവും പരസ്പരം ചേര്‍ന്ന് പോകുന്നതല്ല എന്ന് പറഞ്ഞ കോടതി അത് ചേര്‍ന്ന് പോകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ ഡി.ജി.പിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇത് സംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കണമെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിരുന്നു.

അതേസമയം ഗൂഢാലോചന കേസില്‍ നിര്‍ണായകമായ തെളിവുകളുണ്ടെന്നും വാക്കാലുള്ള പ്രസ്താവന മാത്രമല്ല, അധിക തെളിവുകളും ഹാജരാക്കിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ തുറന്ന കോടതിയില്‍ വെച്ച് അത് പറയാന്‍ സാധിക്കില്ലെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്ന് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കാന്‍ തയാറാണെന്ന് പ്രതിഭാഗം അറിയിച്ചിരുന്നു.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് നേരത്തെ സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ലൈംഗിക പീഡനത്തിന് ക്രിമിനലുകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത് നീതിന്യായ വ്യവസ്ഥിതിയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും, പ്രതി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത് പതിവില്ലാത്ത കാര്യമാണെന്നും പ്രോസിക്യൂഷന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ദിലീപിന് യാതൊരു കാരണവശാലും ജാമ്യം നല്‍കരുതെന്നും ദിലീപ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് സംസ്ഥാന സര്‍ക്കാരും പൊലീസും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്.

നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും മുഖ്യ സൂത്രധാരന്‍ ദിലീപാണ്. പ്രതിയുടെ ക്രിമിനല്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് ഈ കേസുകള്‍.

എന്തെങ്കിലും വ്യക്തിപരമായ താല്‍പര്യത്തിന് വേണ്ടിയോ വിരോധം കൊണ്ടോ അല്ല കേസെടുത്തത്. ദിലീപിനെതിരെ ഗൂഢാലോചന നടത്തിയതിന് കൃത്യമായ തെളിവുകളും മൊഴിയുമുള്ളത് കൊണ്ടാണ് കേസുമായി മുന്നോട്ട് പോകുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതില്‍ വിശദമായ അന്വേഷണമാണ് നടക്കുന്നത്. ഇത് ഗുരുതര സ്വഭാവമുള്ളതാണ്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ കൈമാറിയ ശബ്ദ സാമ്പിളുകളും പ്രതികളുടെ ശബ്ദവും ഫോറന്‍സിക് പരിശോധനക്ക് അയക്കേണ്ടതുണ്ട്.

അന്വേഷണം തടസപ്പെടുത്താനാണ് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ശ്രമം. ദിലീപ് വലിയ സ്വാധീനശക്തിയുള്ള വ്യക്തിയായത് കൊണ്ടുതന്നെ ജാമ്യം അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ സാക്ഷികള്‍ കൂറുമാറിയത് ദിലീപിന്റെ സഹോയത്തോടെയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കേസില്‍ 20 സാക്ഷികളാണ് കൂറുമാറിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Actress attack case Court allows crime branch to question Dileep for two days