| Saturday, 19th March 2022, 11:00 am

വെള്ളമടിച്ച് വന്ന് തൊഴിക്കാനൊരു പെണ്ണ് വേണമെന്നെഴുതിയ രഞ്ജിത്തിന് പോരാട്ടത്തിന്റെ പ്രതീകമെന്ന് ഭാവനയെ വിശേഷിപ്പിക്കേണ്ടി വന്നു; കാലത്തിന്റെ കാവ്യനീതി

സന്ദീപ് ദാസ്

രഞ്ജിത്ത് എഴുതിയ നരസിംഹം എന്ന സിനിമയുടെ ക്ലൈമാക്‌സ് ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുള്ളതാണ്. വെള്ളമടിച്ച് വീട്ടില്‍ വന്ന് കയറുമ്പോള്‍ ചുമ്മാ തൊഴിക്കാനുള്ള ഒരു വസ്തുവാണ് ഭാര്യ എന്ന ഡയലോഗ് പരിപൂര്‍ണ്ണമായും സ്ത്രീവിരുദ്ധമാണ്.

നരസിംഹം റിലീസായിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. ഐ.എഫ്.എഫ്.കെയുടെ ഉദ്ഘാടനച്ചടങ്ങില്‍ അതിഥിയായി എത്തിയ ഭാവനയെ രഞ്ജിത്ത് ‘പോരാട്ടത്തിന്റെ പ്രതീകം’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. ഇതാണ് കാലത്തിന്റെ കാവ്യനീതി!

സൂപ്പര്‍ താരങ്ങളുടെ മാസ് സിനിമകള്‍ക്ക് തിയേറ്ററുകളില്‍ കിട്ടുന്ന വരവേല്‍പ്പ് നമ്മള്‍ കണ്ടിട്ടുണ്ട്. ഇഷ്ടതാരത്തെ സ്‌ക്രീനില്‍ കാണുമ്പോഴേയ്ക്കും ആരാധകര്‍ ആര്‍ത്തുവിളിക്കും. കൈയ്യടികളും വിസില്‍ മുഴക്കങ്ങളും ഉയരും. വര്‍ണ്ണക്കടലാസുകള്‍ പാറിപ്പറക്കും. അതിനെല്ലാം തയ്യാറെടുത്തുതന്നെയാണ് ആരാധകര്‍ സിനിമ കാണാന്‍ പോവുന്നത്.

ഭാവനയ്ക്ക് ഫാന്‍സ് അസോസിയേഷനില്ല. ഐ.എഫ്.എഫ്.കെയുടെ വേദിയില്‍ ഭാവന എത്തിച്ചേരുമെന്ന കാര്യം മാധ്യമങ്ങള്‍ മുന്‍കൂട്ടി റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നിട്ടും അവര്‍ കടന്നുവന്നപ്പോള്‍ കാതടപ്പിക്കുന്ന ഹര്‍ഷാരവങ്ങളാണ് ഉയര്‍ന്നത്!
ആ കൈയ്യടികള്‍ നൂറുശതമാനം സ്വഭാവികമാണ്. ശരിക്കും ഉള്ളില്‍നിന്ന് വന്നവയാണ്. Spontaneous എന്ന് ഇംഗ്ലിഷില്‍ പറയാം. അതുകൊണ്ടുതന്നെ ഏറെ മധുരതരവുമാണ്!

റേപ് ചെയ്യപ്പെട്ട സ്ത്രീകള്‍ ജീവനൊടുക്കണം എന്ന പൊതുബോധം സൃഷ്ടിച്ചത് പഴയകാല മലയാള സിനിമകളാണ്. ആധുനിക ചലച്ചിത്ര പ്രവര്‍ത്തകര്‍ ആ വിഡ്ഢിച്ചിന്തയുടെ ശവപ്പെട്ടി നിര്‍മ്മിച്ചിട്ടുണ്ട്. അതിന്മേലുള്ള അവസാനത്തെ ആണിയാണ് ഭാവനയുടെ നില്‍പ്പും ഒന്നിനെയും കൂസാത്ത ആ ചിരിയും!

സ്ത്രീകളോട് നാം ഒരുപാട് നീതികേടുകള്‍ കാണിച്ചിട്ടില്ലേ?

പൊതുസ്ഥലങ്ങളില്‍ സ്വാതന്ത്ര്യത്തോടെ സഞ്ചരിക്കാന്‍ ഇന്നും സ്തീകള്‍ക്ക് ഭയമായിരിക്കും. ഒരു തോണ്ടലോ തുറിച്ചുനോട്ടമോ എപ്പോള്‍ വേണമെങ്കിലും കടന്നുവരാമല്ലോ. വീടിനകത്തുപോലും അവള്‍ സുരക്ഷിതയല്ല.

ആക്രമിക്കപ്പെടുന്ന സ്ത്രീകള്‍ സ്ഥലപ്പേരുകളാല്‍ അറിയപ്പെട്ടു. കിളിരൂര്‍ പെണ്‍കുട്ടി, കവിയൂര്‍ പെണ്‍കുട്ടി തുടങ്ങിയ വാക്കുകള്‍ നമുക്ക് പരിചിതമായി. ഒരു തെറ്റും ചെയ്യാത്ത സാധുക്കള്‍ക്ക് വ്യക്തിത്വം നഷ്ടമായി. ഭാവന ഇങ്ങനെ ചിരിച്ചുനില്‍ക്കുമ്പോള്‍ അവര്‍ കൂടിയാണ് വിജയിക്കുന്നത്.

ഭാവനയെ വേദനിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇപ്പോള്‍ അമളി മനസ്സിലായിട്ടുണ്ടാകും.

ഒരു ക്രിമിനല്‍ പ്രവൃത്തിയിലൂടെ ഭാവനയുടെ വായ മൂടിക്കെട്ടാമെന്നാണ് ധരിച്ചത്. പക്ഷേ അവര്‍ സ്ത്രീകള്‍ക്കുവേണ്ടി ശബ്ദിച്ചുകൊണ്ടേയിരിക്കുന്നു!

ഭാവനയെ വേദികളില്‍നിന്ന് നിഷ്‌കാസനം ചെയ്യാം എന്നാണ് കിനാവുകണ്ടത്. ഇപ്പോള്‍ ഏറ്റവും അഭിമാനകരമായ സ്റ്റേജുകള്‍ ഭാവനയ്ക്ക് ലഭിക്കുന്നു!

ഭാവന മലയാളസിനിമയില്‍നിന്ന് അപ്രത്യക്ഷയാകും എന്ന് വിചാരിച്ചവരുടെ നെഞ്ചില്‍ ചവിട്ടി അവര്‍ തിരിച്ചുവന്നിട്ടുണ്ട്!
ഭാവനയുടെ എന്‍ട്രിയും ആ കൊച്ചുപ്രസംഗവും… അമൂല്യമാണ് അവ. അതിന്റെ വിഡിയോ നാം സൂക്ഷിച്ചുവെയ്ക്കണം. തോറ്റുപോയി എന്ന് കരുതുമ്പോള്‍ ധൈര്യം ആര്‍ജ്ജിക്കാന്‍.

വിക്റ്റിം ബ്ലേമിങ്ങ് നടത്തുന്നവരുടെ കരണം പുകച്ചൊരു അടി കൊടുക്കാന്‍..ഇരയല്ല,അതിജീവിതയാണ് ശരിയായ പ്രയോഗം എന്ന് തിരിച്ചറിയാന്‍. ഇനിയും അനേകായിരം പെണ്‍കുട്ടികള്‍ക്ക് വെളിച്ചം പകരാന്‍.

ഇക്കാലത്ത് മോട്ടിവേഷന്‍ വിഡിയോകള്‍ ഒരുപാട് ലഭ്യമാണ്. പക്ഷേ ഭാവനയുടെ ഈ പ്രസ്താവനയോളം വരില്ല ഒന്നും-
”പൊരുതുന്ന എല്ലാ സ്ത്രീകള്‍ക്കും എന്റെ ആശംസകള്‍…!”

സന്ദീപ് ദാസ്

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more