| Saturday, 29th February 2020, 9:44 am

നടിയെ ആക്രമിച്ച കേസ്; സാക്ഷി വിസ്താരത്തിന് ഹാജരാവാതിരുന്ന കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍  നടന്‍ കുഞ്ചാക്കോ ബോബനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇന്നലെ വിസ്താരത്തിന് ഹാജരാവാന്‍ നിര്‍ദേശം നല്‍കിയിട്ടും എത്താതിരുന്നതിനെത്തുടര്‍ന്നാണ് പ്രത്യേക കോടതിയുടെ നടപടി.

അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അവരെ ഒഴിവാക്കി.

നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ, കുഞ്ചാക്കോ ബോബന്‍ എന്നിവരെയാണ് ഇന്നലെ വിസ്തരിക്കേണ്ടിയിരുന്നത്. കേസില്‍ യാഥാക്രമം 14, 15, 16 സാക്ഷികളാണ് ഇവര്‍. ഗീതു മോഹന്‍ദാസിന്റെ വിസ്താരം വൈകിട്ട് നാലേകാല്‍ വരെ നീണ്ടു. പ്രോസിക്യൂഷന്‍ ഒന്നര മണിക്കൂറാണ് ഗീതുവിനെ വിസ്തരിച്ചത്.

എട്ടാം പ്രതി നടന്‍ ദിലീപീന്റെ അഭിഭാഷകന്റെ ക്രോസ് വിസ്താരം വൈകിട്ടു വരെ നീണ്ടു. മറ്റു പ്രതികളുടെ അഭിഭാഷകര്‍ ഗീതുവിനെ വിസ്തരിച്ചില്ല.

സംയുക്താ വര്‍മയെ കേസിന്റെ സാക്ഷിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ കോടതി തീരുമാനിച്ചു. ഗീതു മോഹന്‍ദാസിന്റേതിനു സമാനമായ മൊഴിയാണ് സംയുക്ത നല്‍കിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മൂന്നാമതായി കുഞ്ചാക്കോ ബോബന്റെ ഊഴമായിരുന്നെങ്കിലും അദ്ദേഹം കോടതിയില്‍ എത്തിയിരുന്നില്ല. അവധി അപേക്ഷ നല്‍കാത്ത സാഹചര്യത്തില്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു. ഇതനുസരിച്ച് നെടുമ്പാശ്ശേരി പൊലീസ് കുഞ്ചാക്കോ ബോബന് നോട്ടീസ് നല്‍കും. സ്റ്റേഷനില്‍ തന്നെ കുഞ്ചാക്കോ ബോബന് ജാമ്യവും നല്‍കും.

ബുധനാഴ്ചയാണ് കുഞ്ചാക്കോ ബോബന്‍ ഇനി കോടതിയില്‍ എത്തേണ്ടത്. ഇന്നു സംവിധായകന്‍ ശ്രീകുമാര്‍ മേനോനെയാണ് വിസ്തരിക്കേണ്ടിയിരുന്നതെങ്കിലും അദ്ദേഹത്തെയും കോടതി ഒഴിവാക്കി. ശ്രീകുമാര്‍ മേനോന്റെ മൊഴിക്കു കേസുമായി ബന്ധമൊന്നുമില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്.

റിമി ടോമി, മുകേഷ് എന്നിവരെ കോടതി ബുധനാഴ്ച വിസ്തരിക്കും.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more