നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെയുള്ള കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുമതി
Kerala
നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെയുള്ള കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 16th January 2021, 12:20 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെയുള്ള കുറ്റാരോപണങ്ങളില്‍ മാറ്റം വരുത്താന്‍ കോടതിയുടെ അനുമതി. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ഭേദഗതി വരുത്തണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി ഭാഗികമായി അനുവദിക്കുകയായിരുന്നു.

ക്വട്ടേഷന്‍ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തുകയും അവരെ അക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നതുള്‍പ്പടെ ആരോപണങ്ങളാണ് ദിലീപിനെതിരെയുള്ളത്.

ഇതില്‍ ഭാഗികമായ മാറ്റങ്ങള്‍ വരുത്താനാണ് കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഹൈക്കോടതിയുടെ പരിധിയിലിരിക്കുന്ന കേസിന്റെ കുറ്റപത്രത്തില്‍ മാറ്റം വരുത്തുന്നതിനെതിരെ പ്രതിഭാഗം രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി കോടതി ജനുവരി 19 നു പരിഗണിക്കും.

മാപ്പുസാക്ഷിയായ വിപിന്‍ലാലിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഹരജി നല്‍കിയത്.

ഇതിനൊപ്പം നടിയെ ആക്രമിച്ച് ദൃശ്യം പകര്‍ത്തിയ കേസിലെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയും വിചാരണ കോടതി ജനുവരി 19 ന് പരിഗണിക്കും. ഒന്നാം പ്രതി പള്‍സര്‍ സുനി, മൂന്നാം പ്രതി ബി. മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ് എന്നിവരുടെ ജാമ്യാപേക്ഷയാണ് എറണാകുളത്തെ അഡി. സ്‌പെഷ്യല്‍ സെഷന്‍സ് കോടതി പരിഗണിക്കുക.

അതേസമയം വിചാരണക്കോടതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ചതിനെ തുടര്‍ന്ന് മാറ്റിവെച്ചിരുന്ന രഹസ്യ വിചാരണ ഈ മാസം 21ന് വിണ്ടും നടക്കും. കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ ലാലിന്റെ വിചാരണയും ഇതോടൊപ്പം നടക്കും.

കഴിഞ്ഞ ഡിസംബറില്‍ വിചാരണ തുടങ്ങുന്നത് സംബന്ധിച്ച് തീരുമാനമറിയിക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ക്കും വിചാരണക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. അതേസമയം ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Attack case agianst Dileep