| Monday, 16th November 2020, 1:26 pm

കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടു, ഒരു ഘട്ടത്തിലും വിചാരണക്കോടതി ഇടപെട്ടില്ല; ഹൈക്കോടതിയില്‍ ആക്രമിക്കപ്പെട്ട നടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വിചാരണ കോടതിയുടെ നടപടിക്കെതിരെ വിമര്‍ശനവുമായി ആക്രമിക്കപ്പെട്ട നടി. ഒരു സ്ത്രീയോട് ചോദിക്കാന്‍ പാടില്ലാത്ത നിരവധി ചോദ്യങ്ങള്‍ ഉണ്ടായെന്നും കോടതി മുറിയില്‍ താന്‍ അപമാനിക്കപ്പെട്ടെന്നും ആക്രമിക്കപ്പെട്ട നടി പറഞ്ഞു.

ചോദിക്കാന്‍ പാടില്ലാത്ത ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ വിചാരണകോടതി തടഞ്ഞില്ലെന്നും സ്വഭാവ ശുദ്ധിയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വരെ ചോദ്യങ്ങളുണ്ടായെന്നും കോടതിയില്‍ തനിക്ക് മാനസികമായ പീഡനം നേരിടേണ്ടി വന്നെന്നും നടി പറഞ്ഞു.

അനേകം അഭിഭാഷകര്‍ കോടതിയിലുണ്ടായിരുന്നു. എട്ടാം പ്രതി ദിലീപിന് വേണ്ടി നിരവധി അഭിഭാഷകരാണ് എത്തിയത്. അവരുടെ മുന്നില്‍ വെച്ചാണ് പല ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടി വന്നത്. ചില ചോദ്യങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ രംഗത്തെത്തിയപ്പോഴും അത് തടയാന്‍ കോടതി തയ്യാറായില്ലെന്നും നടി പറഞ്ഞു.

എന്തുകൊണ്ട് ഇക്കാര്യം നേരത്തെ അറിയിച്ചില്ലെന്ന് നടിയോട് ഹൈക്കോടതി ആരാഞ്ഞു. എല്ലാത്തിലും എതിര്‍പ്പ് ഫയല്‍ ചെയ്യേണ്ടെന്ന് തോന്നിയെന്നും എന്നാല്‍ അത് തെറ്റായെന്ന് പിന്നീട് മനസിലായെന്നും നടിയുടെ അഭിഭാഷകന്‍ പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടക്കുന്ന എറണാകുളം കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്ന സര്‍ക്കാരിന്റേയും നടിയുടേയും ഹരജിയാണ് ഇന്ന് ഹൈക്കോടതി പരിഗണനയ്‌ക്കെടുത്തത്. കേസില്‍ വാദം പൂര്‍ത്തിയാക്കി വിധി പറയാനായി മാറ്റിയിരിക്കുകയാണ്.

വിചാരണ കോടതിയെ വിശ്വാമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. കോടതി ചട്ടവിരുദ്ധമായി ഫോറെന്‍സിക് ലാബില്‍ വിളിച്ചെന്നും തെളിവുകള്‍ വേണ്ടവിധം രേഖപ്പെടുത്തിയില്ലെന്നും കഴിഞ്ഞ ദിവസം പ്രോസിക്ക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് സര്‍ക്കാരും നടിയും ആരോപിച്ചിട്ടുണ്ട് തുടര്‍ന്നാണ് ഇന്നുവരെ കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവുണ്ടായത്. മഞ്ജു വാര്യരുടേയും അക്രമിക്കപ്പെട്ട നടിയുടേയും മൊഴി രേഖപ്പെടുത്തുന്നതില്‍ വിചാരണക്കോടതിക്ക് വീഴ്ച്ച പറ്റിയെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

പ്രതിഭാഗത്തെ നിരവധി അഭിഭാഷകര്‍ നടിയെ മാനസികമായി തകര്‍ക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിച്ചിട്ടും വിചാരണ കോടതി ഇടപെട്ടില്ല, മകള്‍ വഴി ദിലീപ് തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന മഞ്ജുവാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ല തുടങ്ങിയ ആരോപണങ്ങളാണ് വിചാരണ കോടതിക്കെതിരെ നടിയും സര്‍ക്കാരും ഉന്നയിക്കുന്നത്.

കേസിലെ മാപ്പുസാക്ഷിയായ കാസര്‍കോട് സ്വദേശി വിപിന്‍ലാലിനെ ദിലീപിന്റെ അടുത്ത സുഹൃത്തും എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.ഇതില്‍ പ്രദീപിനെ പ്രതി ചേര്‍ത്ത് ബേക്കല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Attack Case Highcourt Hearing

We use cookies to give you the best possible experience. Learn more