|

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ഡ്രൈവര്‍ കൂറുമാറി. കേസിലെ നിര്‍ണായക സാക്ഷിയായ അപ്പുണ്ണിയാണ് കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നത്.

ഇതോടെ പ്രോസിക്യൂഷന്‍ ഇയാളെ ബുധനാഴ്ച ക്രോസ് വിസ്താരം നടത്തി. കഴിഞ്ഞയാഴ്ച തുടങ്ങിയ സാക്ഷി വിസ്താരം ശനിയാഴ്ച തുടരും.

കേസില്‍ ഇതുവരെ 180 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി. 2017 ഫെബ്രുവരിയില്‍ നെടുമ്പാശേരിക്കു സമീപം അത്താണിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ഓടുന്ന വാഹനത്തിനുള്ളില്‍ പീഡിപ്പിച്ചെന്നാണു പ്രോസിക്യൂഷന്‍ കേസ്.

നടന്‍ ദിലീപ് അടക്കം 9 പ്രതികളുടെ വിസ്താരമാണ് അവസാന ഘട്ടത്തില്‍ എത്തിയത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.

നേരത്തെ കേസില്‍ നടി കാവ്യ മാധവനും കൂറുമാറിയിരുന്നു. 34ാം സാക്ഷിയായിരുന്നു കാവ്യ.

അക്രമത്തിന് ഇരയായ നടിയോട് കാവ്യയുടെ ഭര്‍ത്താവും കേസിലെ മുഖ്യപ്രതികളില്‍ ഒരാളുമായ നടന്‍ ദിലീപിന് ശത്രുതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദത്തെ സാധൂകരിക്കാനാണു കാവ്യയെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

സിനിമാ സംഘടനയായ അമ്മയുടെ സ്റ്റേജ്ഷോയുടെ റിഹേഴ്സല്‍ ക്യാംപ് നടന്ന ഹോട്ടലില്‍ വെച്ച് നടിയും ദിലീപും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഒപ്പം കാവ്യയുണ്ടായിരുന്നതായി മൊഴി ലഭിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Actress attack case Actor Dileeps driver defect