കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി കാവ്യ മാധവനെ ബുധനാഴ്ച ചോദ്യം ചെയ്യാനായില്ല. ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യാനായിരുന്നു ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനുള്ള സാങ്കേതികസൗകര്യങ്ങള്‍ ഒരുക്കുന്നതിന് തടസ്സമുള്ളതായി അന്വേഷണസംഘം പറയുന്നു. പ്രൊജക്ടറും മറ്റും ഉപയോഗിച്ച് പ്രതികളുടെ ഡിജിറ്റല്‍, ഫൊറന്‍സിക് തെളിവുകള്‍ കാണിച്ചുവേണം ചോദ്യംചെയ്യല്‍ പൂര്‍ത്തിയാക്കാന്‍. ചോദ്യംചെയ്യല്‍ ക്യാമറയില്‍ പകര്‍ത്തണം.
ഇതിനെല്ലാമുള്ള സംവിധാനമുള്ള സ്ഥലത്തു മാത്രമേ ചോദ്യം ചെയ്യാനാകൂ എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
കേസില്‍ പ്രതികൂടിയായ ദിലീപിന്റെ വീട്ടിലെത്തി ചോദ്യംചെയ്യാനാവില്ലെന്ന് ക്രെംബ്രാഞ്ച് നിലപാടെടുക്കുകയായിരുന്നു. സാക്ഷിയായ കാവ്യ ആവശ്യപ്പെട്ട പ്രകാരം ബുധനാഴ്ച രണ്ടുമണിക്ക് അവരുടെ വീട്ടിലെത്തി ചോദ്യം ചെയ്യാമെന്ന് ചൊവ്വാഴ്ച രാത്രി ക്രൈംബ്രാഞ്ച് അറിയിച്ചെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
എന്നാല്‍, ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തില്ലെന്ന വിവരം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നാണ് കാവ്യയുടെ അഭിഭാഷകരില്‍നിന്ന് അറിയുന്നത്.
ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ് എന്നിവരോട് ചോദ്യം ചെയ്യലിന് എത്തിയില്ല.
Content Highlights: Barrier to preparation of technical facilities; Kavya Madhavan was not questioned on Wednesday