പ്രാക്ടീസിനൊന്നും പോയില്ല, ഭാരത് മാതയായി സ്റ്റേജില്‍ കേറി; പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ആത്മിയ
Movie Day
പ്രാക്ടീസിനൊന്നും പോയില്ല, ഭാരത് മാതയായി സ്റ്റേജില്‍ കേറി; പൊട്ടിച്ചിരിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് ആത്മിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 23rd July 2021, 3:05 pm

കൊച്ചി: കോളേജ് പഠനകാലത്ത് ഭാരത് മാതയായി സ്റ്റേജില്‍ കയറിയപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് നടി ആത്മിയ. ബിഹൈന്‍ഡ് വുഡ്‌സിനു നല്‍കിയ അഭിമുഖത്തിലാണ് ആത്മിയ പാളിപ്പോയ തന്റെ സ്റ്റേജ് അനുഭവത്തെപ്പറ്റി പറഞ്ഞത്.

‘എനിക്ക് ഭാരത് മാതയായി നില്‍ക്കാന്‍ വലിയ ഇഷ്ടമായിരുന്നു. സ്‌കൂള്‍ കാലത്ത് ഒക്കെ സീനിയര്‍ ചേച്ചിമാര്‍ സാരിയൊക്കെ ഉടുത്ത് കീരിടമൊക്കെ വെച്ച് ഭംഗിയായി നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.

കോളേജില്‍ പഠിക്കുന്ന സമയത്ത് എനിക്കും ഭാരത് മാതയാകാന്‍ ഒരു ഓഫര്‍ വന്നു. കേട്ടപാതി ഞാന്‍ ചാടിവീണു. ഞാന്‍ ആയിക്കോളാം എന്ന് പറഞ്ഞു. പ്രാക്ടീസിനൊന്നും പോകണ്ടല്ലോ. വെറുതെ കൊടി പിടിച്ച് നിന്നാല്‍ മതിയല്ലോ.

കൂട്ടുകാരൊക്കെ പ്രാക്ടീസിന് പോകുമ്പോള്‍ എന്നോട് പറയും വന്ന് നോക്ക് എന്താ ചെയ്യേണ്ടത് എന്നൊക്ക. ഞാന്‍ പോകാറില്ലായിരുന്നു. അങ്ങനെ പരിപാടിയ്ക്ക് സ്റ്റേജില്‍ കേറുന്ന സമയം ഞാന്‍ ബാക്കിയുള്ളവരോട് ചോദിച്ചു. എന്താണ് ചെയ്യേണ്ടത് എന്ന്.

എനിക്ക് ചുറ്റും കുട്ടികള്‍ വരിവരിയായി വരും. അപ്പോള്‍ ഓഡിയന്‍സിനെ ഒന്ന് ചിരിച്ച്, കൊടി മെല്ലേ പാറിച്ചാല്‍ മാത്രം മതിയെന്നായിരുന്നു എന്നോട് പറഞ്ഞത്. സ്റ്റേജില്‍ കയറിയപ്പോള്‍ തന്നെ ഈ പറഞ്ഞതുപോലെ ഞാന്‍ ചെയ്തു.

കുറച്ചുകഴിഞ്ഞപ്പോള്‍ കൈയ്യിലെ പതാകയുടെ ഒരു ഭാഗം എനിക്ക് ചുറ്റും കറങ്ങുന്ന ഒരു കുട്ടിയുടെ വസ്ത്രത്തില്‍ ഉടക്കി. ആ കുട്ടി ചുറ്റുന്നതിന് അനുസരിച്ച് പതാക കൈയ്യിലെ വടിയില്‍ നിന്നും ഊര്‍ന്നുപോയി.

ഞാന്‍ ആണെങ്കില്‍ പതാകയ്ക്ക് പകരം കൈയ്യിലെ വടി മാത്രം അങ്ങോട്ടും ഇങ്ങോട്ടും കറക്കിക്കൊണ്ടിരുന്നു. ഒടുവില്‍ കൊടി എങ്ങനെയൊക്കെയോ രണ്ട് കൈകൊണ്ട് ഒക്കെ പിടിച്ച് അഡ്ജസ്റ്റ് ചെയ്ത് ഞാന്‍ നിന്നു.

മുന്നില്‍ ഇരുന്ന എല്ലാവരും കൂവലോട് കൂവല്‍. പിന്നെയാണ് മനസ്സിലായത് ഞാന്‍ പതാക തലതിരിച്ചാണ് പിടിച്ചിരുന്നതെന്ന്. അത് കണ്ടാണ് എല്ലാവരും കൂവിയത്. ഇന്ത്യയെ തലതിരിച്ച് പിടിച്ചായിരുന്നു ഞാന്‍ അന്ന് പതാക പാറിച്ചത്,’ ആത്മിയ പറഞ്ഞു.

അഭിനയത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് നടി ആത്മിയ. ജോസഫ് മുതല്‍ കോള്‍ഡ് കേസ് വരെ വ്യത്യസ്തമായ അഭിനയരീതിയിലൂടെ പ്രേക്ഷകരുടെ മനം കവരാന്‍ ആത്മിയയ്ക്ക് സാധിച്ചിട്ടുണ്ട്.

പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസിലെ ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്തയാളാണ് ആത്മിയ. ഈവ മരിയ എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു.

ഒരിടവേളക്ക് ശേഷം പൃഥ്വിരാജ് പൊലീസ് യൂണിഫോമിലെത്തിയ ചിത്രമാണ് കോള്‍ഡ് കേസ്. ആമസോണ്‍ പ്രൈമിലൂടെ ജൂണ്‍ 30 നാണ് ചിത്രം റിലീസ് ചെയ്തത്.

ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്.

അരുവി ഫെയിം അഥിതി ബാലനാണ് ചിത്രത്തിലെ നായിക. അതിഥിയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. പ്ലാന്‍ ജെ സിനിമയുടെ ബാനറില്‍ ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ്, ആന്റോ ജോസഫ് ഫിലിം കമ്പനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Actress Athmiya Shares Funny Experience About Her Stage Performance