| Saturday, 9th April 2022, 12:26 pm

എല്ലാ രാധമാര്‍ക്കുമുണ്ടാകും കൃഷ്ണനേക്കാളേറെ വേദനിക്കുന്നൊരു കഥ പറയാന്‍, ഇത് നല്ല വേദനയില്‍ പറഞ്ഞതാ; ഞാന്‍ സിനിമ മുഴുവന്‍ കണ്ടിട്ടില്ല: അവിയലിനെ കുറിച്ച് പറഞ്ഞ് ആത്മീയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാനില്‍ മുഹമ്മദിന്റെ സംവിധാനത്തിലൊരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘അവിയല്‍’. ഫിലിപ്‌സ് ആന്റ് ദി മങ്കിപെന്‍ എന്ന ചിത്രത്തിന്റെ സംവിധായകരില്‍ ഒരാളുകൂടിയാണ് ഷാനില്‍.

ഒരു ചെറുപ്പക്കാരന്റെ വിവിധ കാലഘട്ടങ്ങളിലെ പ്രണയവും ജീവിതവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജുവും ആത്മീയയും ഒരുമിച്ചെത്തുന്ന ചിത്രം കൂടിയാണ് അവിയല്‍.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി അവിയലിലെ അഭിനേതാക്കള്‍ ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത് ചിത്രത്തിലെ നായകനായ സിറാജും നായികമാരായ സ്വാതിക വിനോദ്, ആത്മീയ, കേതകി എന്നിവരാണ് അഭിമുഖത്തിലെത്തുന്നത്.

‘ജോജു ചേട്ടന്റെ മകളോട് പ്രണയത്തെ കുറിച്ച് പറയുമ്പോഴാണ് നായികമാരെല്ലാമെത്തുന്നത്. സ്‌കൂള്‍ കാലഘട്ടത്തിലെ പ്രണയിനിയാണ് സ്വാതിക.സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന മഞ്ഞിന്‍ തൂവലെന്ന പാട്ടൊക്കെ ഹിറ്റായി മാറിയിരുന്നു. ശരത് സാറാണ് ആ പാട്ട് കമ്പോസ് ചെയ്തത്. ചിത്ര ചേച്ചിയും ഉണ്ണി മേനോന്‍ സാറുമാണ് പാടിയിരിക്കുന്നത്.

ആ പാട്ടിന്റെ ഒരു പ്രത്യേക എന്താണെന്ന് വെച്ചാല്‍ ശരത് സാര്‍ കമ്പോസ് ചെയ്തിട്ട് ഉണ്ണി മേനോന്‍, ചിത്ര കോമ്പോ ആദ്യമായിട്ടാണ് മലയാളത്തില്‍ പാടുന്നത്,’ സിറാജ് പറയുന്നു.

ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ആത്മീയ പറയുന്ന ഡയലോഗ് ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നുവെന്ന് അവതാരകന്‍ പറയുമ്പോള്‍ താന്‍ സിനിമ മുഴുവന്‍ കണ്ടിട്ടില്ലെന്നാണ് ആത്മീയ രസകരമായി പറയുന്നത്.

‘ഞാന്‍ സിനിമ മൊത്തത്തില്‍ കണ്ടിട്ടില്ല. എന്റെ പാര്‍ട് മാത്രമേ എനിക്ക് അറിയു. ഇതൊരു സ്ത്രീപക്ഷ സിനിമയാണ്. എന്റെ ക്യാരക്ടര്‍ സിറാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ ഭാര്യയായിട്ടാണ്. സംസാരിക്കുന്നത്, എല്ലാ രാധമാര്‍ക്കുമുണ്ടാകും കൃഷ്ണനേക്കാളേറെ വേദനിക്കുന്നൊരു കഥ പറയാന്‍, ഈ ഡയലോഗ് വളരെ വേദനയില്‍ നിന്നുകൊണ്ട് പറയുന്നതാണ്,’ ആത്മീയ പറയുന്നു.

ജോജു ജോര്‍ജ്, അനശ്വര രാജന്‍, അഞ്ജലി നായര്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. സുജിത്ത് സുരേന്ദ്രന്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. സുദീപ് ഇളമണ്‍, ജിംഷി ഖാലിദ്, രവി ചന്ദ്രന്‍, ജിക്കു ജേക്കബ് പീറ്റര്‍ എന്നിവരാണ് ഛായാഗ്രഹണം.

എഡിറ്റിംഗ് റഹ്മാന്‍ മുഹമ്മദ് അലി, ലിജോ പോള്‍ എന്നിവരാണ്. പശ്ചാത്തല സംഗീതം ശങ്കര്‍ ശര്‍മ്മ. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. സംഘട്ടനം ശ്രാവണ്‍ സത്യ, ഷാനില്‍, രവിചന്ദ്രന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ് ഷഫീര്‍ ഖാന്‍, സൈഗൗള്‍.

Content Highlights: Actress Athmiya says about her new movie Aviyal

We use cookies to give you the best possible experience. Learn more