ആട് 2, വില്ലന്‍ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ താരമാണ് ആതിര പട്ടേല്‍. ഭൂതകാലം എന്ന ചിത്രത്തില്‍ ആതിര ചെയ്ത നായിക വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തന്റെ സിനിമാ വിശേഷങ്ങളും കരിയറിനെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ആതിര. വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് ആതിര മനസ് തുറന്നത്.
അഞ്ചാറ് ദിവസം മാത്രമേ ഭൂതകാലത്തിന് ഷൂട്ട് ഉണ്ടായിരുന്നുള്ളൂവെന്നും ചെറിയ സിനിമ ആയിട്ടും ഇത്രയും വലിയ സ്വീകാര്യത കിട്ടിയതില്‍ വലിയ സന്തോഷമുണ്ടെന്നും ആതിര പറയുന്നു.
‘ഞാനും ഷെയ്ന്‍ നിഗവും പനമ്പിള്ളി നഗറില്‍ വച്ചുളള പാട്ട് ചെയ്യുമ്പോഴാണ് രേവതി മാഡം സെറ്റിലേക്ക് വന്നത്. എന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അവര്‍ രണ്ടുപേരും തമ്മിലുള്ള സീനിന്റെ ഷൂട്ട് കാണാന്‍ പോയി. ഒന്നിച്ച് ഭക്ഷണമൊക്കെ കഴിച്ചു. ആദ്യം കുറച്ച് പേടിച്ചുവെങ്കിലും വളരെ സ്വീറ്റ് ആണ് മാഡം എന്ന് മനസിലായി,’ ആതിര പറയുന്നു.
സംസ്‌കൃത ചിത്രമായ ഇഷ്ടിയിലാണ് താന്‍ ആദ്യം അഭിനയിക്കുന്നതെന്നും സംസ്‌കൃതം കൈകാര്യം ചെയ്യാന്‍ കുറച്ച് ബുദ്ധിമുട്ടിയെന്നും താരം പറയുന്നു.
‘സിനിമ സംസ്‌കൃതത്തിലായിരുന്നു, ഇഷ്ടി എന്നാണ് സിനിമയുടെ പേരെന്നും ആതിര പറയുന്നു. ഭാഷ കുറച്ച് വെല്ലുവിളി ആയിരുന്നുവെങ്കിലും സംസ്‌കൃതം പ്രൊഫസര്‍ കൂടിയായ സംവിധായകന്‍ ജി. പ്രഭ നന്നായി സഹായിച്ചു. ഒറ്റ ലൊക്കേഷനില്‍ തന്നെയായിരുന്നു 30 ദിവസവും ഷൂട്ടിംഗ് നടന്നത്.
ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ചത് നെടുമുടി വേണു സാറിന്റെ മൂന്നാം ഭാര്യയുടെ വേഷമായിരുന്നു. ആദ്യ സിനിമയാണെന്ന് അറിയുന്നതിനാല്‍ ഷോട്ടില്‍ നില്‍ക്കേണ്ട പൊസിഷനും ലുക്ക് എവിടെയാണ് വേണ്ടതെന്നുമൊക്കെ അദ്ദേഹം പറഞ്ഞു തരുമായിരുന്നു,’ ആതിര പറയുന്നു.
ആട് ഒന്നാം ഭാഗത്തിന്റെ തുടര്‍ച്ച ആയത് കൊണ്ട് ക്രൂവിലുള്ള മിക്കവരും തമ്മില്‍ നല്ല അടുപ്പമാണ്. കളിയാക്കാനൊക്കെ അവര്‍ ഒറ്റക്കെട്ടാകും. ആ സെറ്റിലേക്കാണ് താന്‍ പാപ്പന്റെ വീട്ടിലെ കുട്ടിയായി ചെല്ലുന്നത്. കുറച്ച് സീനുകള്‍ രാത്രിയാണ് എടുക്കേണ്ടത്. മിക്ക ദിവസവും റെഡിയാകുമ്പോഴേക്കും മഴ പെയ്യും. അപ്പോള്‍ വില്ലന്മാരായി അഭിനയിക്കുന്ന ചേട്ടന്മാരുമായി ലുഡോ കളിച്ചിരിക്കുകയായിരിക്കും താന്‍ എന്നാണ് ആതിര പറയുന്നത്.
ഇത്രയും സിനിമ ചെയ്തതിനിടെ തനിക്ക് ഏറ്റവും കൂടുതല്‍ എക്സൈറ്റ്മെന്റ് തോന്നിയ സിനിമ വില്ലന്‍ ആണെന്നും ചിത്രത്തില്‍ മോഹന്‍ലാലിന്റേയും മഞ്ജു വാര്യരുടേയും മകളായി അഭിനയിച്ചത് ഭാഗ്യമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘രണ്ട് ലെജന്റ്സിന്റെ കൂടെ സ്‌ക്രീന്‍ പങ്കിടാന്‍ സാധിച്ചത് തന്റെ ഭാഗ്യമാണ്. ലൊക്കേഷനിലും അവരോടൊപ്പമാണ് സമയം ചെലവഴിച്ചത്. എല്ലാവരോടും വളരെ സന്തോഷത്തോടെ ഇടപെടുന്ന, നല്ല കമ്പനിയാകുന്ന ശീലമാണ് രണ്ട് പേര്‍ക്കും. അതുകൊണ്ട് തനിക്ക് തെല്ലും ടെന്‍ഷനില്ലായിരുന്നു,’ ആതിര പറയുന്നു.
Content Highlights: Actress Athira Patel about Nedumudi Venu