| Friday, 4th February 2022, 5:26 pm

ഒരാളെ കൊല്ലണമെന്ന് തോന്നിയാല് അത് മുറിയില്‍ കയറി കണ്ണാടി നോക്കി പറയുക, അല്ലെങ്കില്‍ അത് കൊലക്കുറ്റത്തിന് കേസെടുക്കുന്നത് വരെയെത്തും; ദിലീപ് കേസില്‍ നടി അശ്വതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചൂവെന്ന ദിലീപിനെതിരെയുള്ള കേസില്‍ പ്രതികരണവുമായി ടി.വി താരം അശ്വതി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തന്റെ പ്രതികരണം അറിയിച്ചത്.

ദിലീപ് പ്രാര്‍ത്ഥിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ക്കൊപ്പമാണ് അശ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ്.

ആരോടെങ്കിലുമുള്ള ദേഷ്യമോ വൈരാഗ്യമോ കാരണം അവരെ കൊല്ലണമെന്ന് തോന്നുകയാണെങ്കില്‍ അത് മുറിയില്‍ കയറി വാതിലടച്ച ശേഷം മാത്രം പറയണമെന്നും അല്ലെങ്കില്‍ അത് കൊലക്കുറ്റത്തിന് കേസെടുക്കുന്നത് വരെയെത്തുമെന്നും അശ്വതിയുടെ പോസ്റ്റില്‍ പറയുന്നു.

‘എല്ലാരും ഒന്ന് സൂക്ഷിച്ചോളൂ, ആരോടേലും ദേഷ്യമോ വൈരാഗ്യമോ ഒണ്ടേല്‍ പ്രാകുകയോ, കൊല്ലണം എന്ന പോലെ ഒക്കെ തോന്നുകയോ ചെയ്താല്‍ ഒരു മുറീല്‍ കേറി വാതിലടച്ചിട്ട് സ്വയം കണ്ണാടി നോക്കിയേ പറയാവൊള്ളെ.

അല്ലേല്‍ ആരൊക്കെയാണ് അത് റെക്കോര്‍ഡ് ചെയ്തു കൊണ്ട് പോയി ഒരു കൊലക്കുറ്റം എടുത്തു തലയില്‍ വച്ചു തരിക എന്ന് പറയാന്‍ പറ്റുലാ?
കര്‍ത്താവേ ഞാന്‍ അങ്ങനെന്തേലും പറഞ്ഞിട്ടുണ്ടേല്‍ അത് അച്ചായനല്ലേ കെട്ടിട്ടുള്ളു അല്ലെ,’ പോസ്റ്റില്‍ പറയുന്നു.

എന്നാല്‍ തന്റെ പോസറ്റിന് താഴെ ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ താന്‍ ഉദ്ദേശിച്ചത് നീണ്ടുപോകുന്ന ജാമ്യാപേക്ഷ വിധിയെയും അനുബന്ധമായ ചാനല്‍ ചര്‍ച്ചകളെയുമാണെന്നും വിശദീകരിച്ച് നടി രംഗത്തുവരികയായിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലെ ഉത്തരവ് തിങ്കാളാഴ്ച രാവിലെ 10.15 ന് പ്രഖ്യാപിക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതിഭാഗത്തിന് വിഷയത്തില്‍ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ശനിയാഴ്ച 12 മണിക്കുള്ളില്‍ കോടതിയില്‍ പറയാനും നിര്‍ദേശമുണ്ട്.

പ്രോസിക്യൂഷന്‍ ഉന്നയിച്ച വിഷയങ്ങളെ കുറിച്ച് പഠിക്കാന്‍ കുറച്ചുകൂടി സമയം വേണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

ദിലീപിനെതിരെ ശക്തമായ വാദങ്ങളാണ് ഇന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ നടത്തിയത്. പ്രതികള്‍ക്കു സംരക്ഷണ ഉത്തരവു നല്‍കിയത് അന്വേഷണത്തെ ബാധിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ ജനങ്ങള്‍ക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപെടുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നത് ദിലീപിന്റെ മുന്‍ ഭാര്യ മഞ്ജു വാര്യരുടെ പേരിലുള്ള ഫ്ളാറ്റിലെന്ന് പ്രോസിക്യൂഷന്‍പറഞ്ഞിരുന്നു.

ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ദിലീപെന്ന പ്രതിയുടെ ചരിത്രം കണക്കിലെടുക്കണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ പറഞ്ഞു.

സഹപ്രവര്‍ത്തകയെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയ വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഒരു വിശ്വാസ്യതയുള്ള സാക്ഷിയുള്ള ഈ കേസില്‍ അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹനല്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

ഗൂഢാലോചന നടത്തിയിട്ടില്ലെന്നും ശാപ വാക്കുകളാണ് പ്രതി ദിലീപ് നടത്തിയതെന്നുമാണ് പ്രധാനമായും പ്രതിഭാഗം കഴിഞ്ഞ ദിവസങ്ങളില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍ ഈ വാദം നിലനില്‍ക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

വെറും ശാപ വാക്കല്ല ദിലീപ് പറഞ്ഞത്. പ്രതി ഉപയോഗിച്ച ചില വാക്കുകള്‍ ശാപ വാക്കായി കണക്കാക്കിയാല്‍ പോലും പണി കൊടുക്കുമെന്ന് പറയുന്നത് ഒരിക്കലും അത്തരം പ്രയോഗമായി കാണാന്‍ പറ്റില്ല. ബാലചന്ദ്രകുമാറെന്ന ദൃക്സാക്ഷിയുള്ള കേസാണിത്. ബാലചന്ദ്ര കുമാര്‍ ദിലീപുമായി ബന്ധപ്പെട്ട വിഷയം പൊലീസിനെ അറിയിക്കുമെന്ന്  പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ തടഞ്ഞുവെന്നും ദിലീപ് നമ്മളെ എല്ലാവരെയും കൊലപ്പെടുത്തുമെന്ന് അവര്‍ പറഞ്ഞതായുമുള്ള മൊഴി പ്രോസിക്യൂഷന്‍ കോടതിയെ വായിച്ചു കേള്‍പ്പിച്ചു.

അതേസമയം, നടി ആക്രമിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും ചോര്‍ന്നതായി സൂചനയുണ്ട്. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചോര്‍ന്നതെന്നാണ് വിവരം.

ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം കൈമാറിയെന്നതായും സൂചനയുണ്ട്. കോടതിയിലേക്ക് ദൃശ്യങ്ങളെത്തിച്ച സമയത്തിന് മുമ്പ് വീഡിയോ ഫയലില്‍ ചില സാങ്കേതിക മാറ്റങ്ങള്‍ സംഭവിച്ചതായും പെന്‍ഡ്രൈവിലെ ഹാഷ് വാല്യൂ മാറിയെന്നും സൂചനയുണ്ട്.


Content Highlights: Actress Aswathy shares her opinion about Dileep issue

We use cookies to give you the best possible experience. Learn more