മാതാപിതാക്കള്‍ കിട്ടികളെ ഇന്‍വസ്റ്റ്‌മെന്റായിട്ടാണ് കാണുന്നതെന്ന് അവതാരകയും നടിയുമായ അശ്വതി ശ്രീകാന്ത്. മാതാപിതാക്കള്‍ക്ക് ഉള്ളതെല്ലാം മക്കള്‍ക്ക് കൊടുത്ത് വളര്‍ത്തുന്നതിനാല്‍ അവര്‍ പറയുന്നത് കേട്ട് കുട്ടികള്‍ ജീവിക്കണം എന്നതാണ് അവരുടെ ആഗ്രഹമെന്നും അശ്വതി പറഞ്ഞു.
മാതാപിതാക്കളെ സന്തോഷിപ്പിക്കുക എന്ന വലിയ പ്രഷറിലാണ് കുട്ടികള്‍ ജീവിക്കുന്നതെന്നും മക്കളുടെ സെക്ഷ്വാലിറ്റി അറിയാത്ത മാതാപിതാക്കള്‍ അവരെ അവര്‍ പറയുന്ന ഒരാളെ വിവാഹം കഴിക്കാനായി നിര്‍ബന്ധിക്കുകയാണെന്നും അശ്വതി പറഞ്ഞു. ട്വന്റി ഫോറിന് നല്‍കിയ അഭിമുഖത്തിലാണ് അശ്വതി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
”എല്ലാവരുടെയും വിചാരം നമ്മള്‍ നമുക്കുള്ളതെല്ലാം കുഞ്ഞിന് കൊടുക്കണമെന്നാണ്. കുട്ടികളെ പലപ്പോഴും ഒരു ഇന്‍വെസ്റ്റ്‌മെന്റായിട്ടാണ് നമ്മള്‍ കണക്കാക്കുക. നമ്മള്‍ എല്ലാം അവരില്‍ ഇന്‍വെസ്റ്റ് ചെയ്തു, അതുകൊണ്ട് അവര്‍ നമ്മള്‍ പറയുന്ന കോഴ്‌സ് പഠിച്ച് നമ്മള്‍ പറയുന്ന ആളിനെ കല്യാണം കഴിക്കണം എന്നാണ്.
നമ്മള്‍ പറയുന്ന രീതിക്ക് അവര്‍ ജീവിച്ച് തിരിച്ച് നമ്മളെ സന്തോഷിപ്പിക്കുക. അതാണ് മാതാപിതാക്കള്‍ക്ക് കൊടുക്കാനുള്ള ഏറ്റവും വലിയ റിവാര്‍ഡ് എന്നാണ് അവര്‍ വിചാരിച്ച് വെച്ചിരിക്കുന്നത്. ‘നിന്നെ വളര്‍ത്തി വലുതാക്കിയ അച്ഛനെയും അമ്മയേയും തിരിച്ച് സന്തോഷിപ്പിക്കേണ്ട ഉത്തരവാദിത്തം നിനക്കില്ലേ…’ ഈ പ്രഷറിലാണ് നമ്മുടെ നാട്ടിലെ കുഞ്ഞുങ്ങളെല്ലാം വളരുന്നത്.
അങ്ങനെ നോക്കി കഴിഞ്ഞാല്‍ ഒരാള്‍ക്ക് എപ്പോഴാണ് അവനവന് വേണ്ടി സന്തോഷിക്കാനും ജീവിക്കാനും കഴിയുക. അച്ഛനും അമ്മയും പറയുന്നത് കേള്‍ക്കാതെ സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ടാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്നാണ് അവര്‍ പറയുന്നത്. സ്വന്തമായി ചെയ്യട്ടെ, എന്നിട്ട് കുട്ടികള്‍ അവരുടെ ജീവിതം പഠിക്കട്ടെ.
ഏത് അച്ഛനമ്മമാര്‍ക്കാണ് മക്കളുടെ സെക്ഷ്വാലിറ്റിയെക്കുറിച്ച് പൂര്‍ണമായിട്ട് അറിയുക. അവരുടെ മക്കള്‍ ബൈസെക്ഷ്വാലാണോയെന്നോ അവരുടെ സെക്ഷ്വല്‍ പ്രിഫറന്‍സ് എന്താണെന്നോ അറിയുക. കല്യാണം കഴിഞ്ഞ് കഴിഞ്ഞാല്‍ ഏത് പാര്‍ട്ണറായിട്ടാണ് മാറാന്‍ കഴിയുക എന്നൊന്നും അവര്‍ക്ക് അറിയില്ല.
മാതാപിതാക്കള്‍ കുട്ടികളെ എപ്പോഴും കാണുന്നത് മക്കളായിട്ടാണ്. അങ്ങനെയുള്ള പാരന്റ്‌സ് എന്റെ മകന്റെ സെക്ഷ്വാലിറ്റി ഇങ്ങനെ ആയിരിക്കുമെന്നും ദൂരെ നിന്ന് ഒരു പെണ്‍കുട്ടിയെ കണ്ട് അവള്‍ അങ്ങനെ ആയിരിക്കും എന്നൊക്കെ വിചാരിച്ചിട്ടാണ് പലപ്പോഴും അറേഞ്ച് മാരേജ് സംഭവിക്കുന്നത്. എല്ലാം അങ്ങനെയുള്ള അറേഞ്ച് മാരേജ് ആയിരിക്കണമെന്നില്ല. എന്നാലും അത്തരം അറേഞ്ച് മാരേജാണ് ഇവിടെ നടക്കുന്നത്,” അശ്വതി ശ്രീകാന്ത് പറഞ്ഞു.
content highlight: actress aswathi sreekanth about parenting