ന്യൂദല്‍ഹി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചു. സുപ്രീം കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ഏഴര വര്‍ഷമായി താന്‍ ജയിലിലാണെന്ന പള്‍സര്‍ സുനിയുടെ വാദം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. അനന്തമായി വിചാരണ നീണ്ടുപോവുന്നതിനാലാണ് പ്രതിക്ക് സുപ്രീം കോടതി ജാമ്യം നല്‍കിയത്.
ഏഴര വര്‍ഷമായി ജയില്‍ കഴിയുന്ന പള്‍സര്‍ സുനിക്ക് ആരോഗ്യപ്രശ്‌നമുണ്ടെന്നും കൂടാതെ അയാളുടെ അമ്മയും ആരോഗ്യപ്രശ്‌നം നേരിടുന്നതിനാല്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പള്‍സര്‍ സുനിയുടെ അഭിഭാഷകന്റെ വാദം. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തില്‍ തനിക്ക് ജാമ്യം അനുവദിക്കണമെന്ന് സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കുകയായിരുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ജാമ്യം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.
വിചാരണ അനിശ്ചിതമായി നീണ്ടുപോവുകയാണെന്നും ഇനി എത്രകാലം ഇങ്ങനെ നീണ്ടുപോവുമെന്നും കോടതി ചോദിച്ചു. അനന്തമായി വിചാരണ നീണ്ടുപോവുന്നതിനാല്‍ ഇനി എത്രകാലം ജാമ്യം അനുവദിക്കാതിരിക്കുമെന്നായിരുന്നു കോടതിയുടെ ചോദ്യം. കേസിലെ മറ്റൊരു പ്രതിയായ ദിലീപിന് വിചാരണയ്ക്ക് കൂടുതല്‍ സമയം അനുവദിക്കുന്നതിനെയും കോടതി ചൂണ്ടിക്കാട്ടി.