| Thursday, 12th December 2024, 4:51 pm

നടി ആക്രമിക്കപ്പെട്ട കേസ്: ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖയ്ക്ക് കോടതി അലക്ഷ്യ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മുന്‍ ഡി.ജി.പി ആര്‍ ശ്രീലേഖക്ക് കോടതി നോട്ടീസയച്ചു. അതിജീവിത നല്‍കിയ കോടതി അലക്ഷ്യ ഹരജിയിലാണ് വിചാരണ കോടതി നോട്ടീസ് അയച്ചത്.

കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ശ്രീലേഖയുടെ പരാമര്‍ശം കോടതി അലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി അതിജീവിത കോടതിയെ സമീപിച്ചിരുന്നു.

ചില ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലും തന്റെ യൂട്യൂബ് ചാനലിലും ദിലീപിന് അനുകൂലമായി ശ്രീലേഖ സംസാരിച്ചിരുന്നു. നടിയെ ആക്രമിച്ച കേസിലെ തുടരമ്പേഷണം അവസാന ഘട്ടത്തിലെത്തിയ സമയത്തായിരുന്നു ശ്രീലേഖയുടെ പരാമര്‍ശം.

പള്‍സര്‍ സുനി മറ്റ് നടിമാരോടും മുമ്പും മോശമായി പെരുമാറിയിട്ടുണ്ടെന്നും ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചത് സുനിയല്ലെന്നും സഹതടവുകാരനാണെന്നിങ്ങനെയുള്ള വാദങ്ങള്‍ ശ്രീലേഖ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച സംഭവം നടക്കുമ്പോള്‍ ജയില്‍ മേധാവിയായിരുന്ന ശ്രീലേഖ നേരത്തേയും, ദിലീപിനെതിരേ കേസില്‍ തുടരന്വേഷണം ആരംഭിച്ച ഘട്ടത്തിലും ശ്രീലേഖ ചില പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

അതേസമയം കേസുമായി ബന്ധപ്പെട്ട് അതിജീവിത രാഷ്ട്രപതിക്ക് കത്തയച്ചിരുന്നു. ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ലെന്നും ഹൈക്കോടതി നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ഇതെഴുതുന്നതെന്നുമായിരുന്നു കത്തില്‍ പരമാര്‍ശിച്ചിരുന്നത്.

മെമ്മറി കാര്‍ഡ് പുറത്ത് പോകുന്നത് തന്റെ ജീവിതത്തെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും അത് കൊണ്ടുതന്നെ ഇക്കാര്യത്തില്‍ രാഷ്ട്രപതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നും ഉത്തരവാദികളായ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെട്ടിരുന്നു.

Content Highlight: Actress assault case: Contempt of court notice to former DGP R Srilekha who joined BJP

We use cookies to give you the best possible experience. Learn more