| Tuesday, 10th December 2024, 11:40 am

മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചവര്‍ക്കെതിരെ നടപടിയില്ല; നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ചട്ട വിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചെന്ന് വ്യക്തമായിട്ടും ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ലെന്നും ഹൈക്കോടതി നടപടി എടുക്കാത്ത സാഹചര്യത്തിലാണ് ഇതെഴുതുന്നതെന്നും കത്തില്‍ പറയുന്നു.

മെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ ഉത്തരവാദികളാരെന്ന് കണ്ടെത്തേണ്ടത് ജുഡീഷ്യറിയുടെ കടമയാണെന്നും അവരുടെ ഭാഗത്ത് നിന്നും നടപടി ഒന്നും ഉണ്ടാവാത്ത സാഹചര്യത്തിലാണ് രാഷ്ട്രപതിക്ക് കത്തയച്ചതെന്നും അതിജീവിത പറയുന്നു.

മെമ്മറി കാര്‍ഡ് പുറത്ത് പോകുന്നത് തന്റെ ജീവിതത്തെ തന്നെ ബാധിക്കുന്ന കാര്യമാണെന്നും അത് കൊണ്ടുതന്നെ ഇക്കാര്യത്തില്‍ രാഷ്ട്രപതി ഇടപെട്ട് അന്വേഷണത്തിന് നിര്‍ദേശിക്കണമെന്നും ഉത്തരവാദികളായ കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അതിജീവിത ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

അതേസമയം കൊച്ചിയില്‍ വെച്ച് നടിയെ ആക്രമിച്ച കേസില്‍ വിചാരണയുടെ അന്തിമവാദം നാളെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു മാസം കൊണ്ട് അന്തിമവാദത്തിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് കേസിലെ വിചാരണ നടപടികള്‍ നടക്കുന്നത്.

നേരത്തെ നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡുമായി ബന്ധപ്പെട്ട അതിജീവിതയുടെ ഹരജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതുമായി ബന്ധപ്പെട്ട് ഉന്നതഉദ്യോഗസ്ഥന്റെ അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹരജിയായിരുന്നു ഹൈക്കോടതി തള്ളിയത്.

മുമ്പ് തീര്‍പ്പാക്കിയ ഹരജിയില്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ സാധിക്കില്ലെന്നും ഉപ ഹരജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നുമായിരുന്നു ഹൈക്കോടതി പറഞ്ഞത്.

Content Highlight: Actress assault case; athijeevitha sent a letter to the President

We use cookies to give you the best possible experience. Learn more