| Saturday, 27th February 2021, 1:04 pm

കര്‍ഷകര്‍ക്കൊപ്പം, അവര്‍ക്ക് നന്മ വരണം; സമരത്തെ കുറിച്ച് ആശ ശരത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ദല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി നടി ആശ ശരത്ത്. താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നും അവര്‍ക്ക് നല്ലത് വരണമെന്നും ആശ ശരത്ത് റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കര്‍ഷകരോടൊപ്പമാണോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതെ എന്നായിരുന്നു ആശ ശരത്തിന്റെ മറുപടി. അവര്‍ക്ക് നന്മ വരണം. അവര്‍ ചിന്തിക്കുന്നത് ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, എന്നും ആശ ശരത്ത് പറഞ്ഞു.

ഒരു കര്‍ഷകന്റെ കുടുംബത്തിന്റെ കഥയാണ് ദൃശ്യം പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ദല്‍ഹി കേന്ദ്രീകരിച്ച് വലിയൊരു പ്രക്ഷോഭം നടക്കുകയാണ്. എന്താണ് അതിനെ കുറിച്ചുള്ള പ്രതികരണം എന്ന ചോദ്യത്തിന് രണ്ട് ഭാഗത്തും ശരിയുണ്ടെന്ന് തോന്നിയിയിട്ടുണ്ട് എന്നായിരുന്നു ആശ ശരത്തിന്റെ പ്രതികരണം.

രണ്ട് തരത്തിലും ശരിയുണ്ടെന്ന് തോന്നിയിട്ടുണ്ട്. രണ്ട് രീതിയിലും പോസിറ്റീവും നെഗറ്റീവും ആയിട്ടുള്ള കാര്യങ്ങളുണ്ട്. താന്‍ കര്‍ഷകര്‍ക്കൊപ്പമാണ് അവര്‍ക്ക് നന്മ വരണം. അവര്‍ ചിന്തിക്കുന്നത് ശരിയാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു, ആശ പറഞ്ഞു.

രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്നോ സിനിമ സംവിധാനം ചെയ്യണമെന്നോ ഉള്ള ആഗ്രഹമൊന്നും തനിക്ക് ഇല്ലെന്നും ആശ അഭിമുഖത്തില്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ നില്‍ക്കുകയോ അതിന് വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യുന്ന ആളല്ല ഞാന്‍. കക്ഷി രാഷ്ട്രീയത്തില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. എല്ലാത്തിലേയും ശരി തെറ്റുകള്‍ നോക്കാറുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ സാധിച്ചത്. കൊവിഡ് കാരണം നാട്ടിലുണ്ടായിരുന്നത് കൊണ്ടാണ് അത്.

കലയാണ് രാഷ്ട്രീയമെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍. സിനിമയും രാഷ്ട്രീയവും ഒരുമിച്ച് കൊണ്ടുപോകുന്നത് തീര്‍ച്ചയായും നല്ല കാര്യമാണ്. സിനിമാ രംഗത്തുള്ളവര്‍ രാഷ്ട്രീയത്തില്‍ വരുന്നുണ്ടെങ്കില്‍ അത് നല്ലത് തന്നെയാണ്. അവര്‍ക്ക് നമ്മുടെ നാടിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയുകയാണെങ്കില്‍ അത് നല്ലതല്ലേ.

അവര്‍ നിലപാട് പറയുമ്പോള്‍ തീര്‍ച്ചയായും സ്വീകാര്യത കിട്ടും. പ്രേക്ഷകരുമായി കുറച്ചുകൂടി അടുത്ത നില്‍ക്കുന്നവരാണ് കലാകാരന്മാര്‍. അതേ സ്വീകാര്യത അവര്‍ പൊതുപ്രവര്‍ത്തനത്തില്‍ വന്നാല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇപ്പോഴത്തെ കലാകാരന്‍മാര്‍ കുറച്ചുകൂടി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുകയും സംസാരിക്കുകയും ജനങ്ങളുമായി അടുത്തു നില്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ്.

ഇന്ന് സംവിധായകരായാലും സിനിമാതാരങ്ങളായാലും വ്യക്തിയെന്ന നിലയില്‍ അവരെ മനസിലാക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ജനങ്ങളാണ് കുറച്ചുകൂടി ബ്രില്യന്റ് ആയി ചിന്തിക്കുന്നത്. അവര്‍ക്കറിയാം കലാകാരന്‍മാരായാലും അവര്‍ക്ക് വിവരമുണ്ടോ അവര്‍ക്ക് കഴിവുണ്ടോ എന്ന്. അത് നോക്കിയിട്ട് മാത്രമേ അവര്‍ വോട്ടു ചെയ്ത് വിജയിപ്പിക്കുകയുള്ളൂ, ആശ ശരത്ത് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Asha Sarath Support Farmers Protest

Latest Stories

We use cookies to give you the best possible experience. Learn more