|

ആകാംക്ഷയോടെ കാത്തിരിക്കുന്നു; സി.ബി.ഐ 5 ല്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് ആശാ ശരത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സേതു രാമയ്യര്‍ സി.ബി.ഐ എന്ന മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രം വീണ്ടും വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സി.ബി.ഐ 5 എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്.

സംവിധായകന്‍ കെ. മധുവാണ് സി.ബി.ഐയുടെ അഞ്ചാംഭാഗം ഒരുക്കുന്നത്. എസ്.എന്‍ സ്വാമിയുടേത് തന്നെയാണ് തിരക്കഥ. മധുവിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണ കൃപയുടെ ബാനറില്‍ തന്നെയാണ് സി.ബി.ഐ 5 ഒരുങ്ങുന്നത്.

ഒരു സി.ബി.ഐ ഡയറി കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി.ബി.ഐ, നേരറിയാന്‍ സി.ബി.ഐ, എന്നിവയായിരുന്നു സി.ബി.ഐ പതിപ്പിലെ മുന്‍കാല ചിത്രങ്ങള്‍. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സേതുരാമയ്യര്‍ എന്ന കഥാപാത്രം വീണ്ടും വെള്ളിത്തിരയിലെത്തുന്നത്.

ചിത്രത്തില്‍ നടി ആശാ ശരത്തും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സി.ബി.ഐ 5 ന്റെ ഭാഗമാകാന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ആശാ ശരത്ത് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

ആഗസ്റ്റ് മാസത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. മറ്റു പ്രതിസന്ധികളും തടസ്സങ്ങളും ഒന്നും ഇല്ലെങ്കില്‍ ആഗസ്റ്റ് 17 ന് എറണാകുളത്ത് ഷൂട്ടിങ് ആരംഭിക്കുമെന്നാണ് സിനിമയുടെ പ്രൊഡക്ഷന്‍ ടീം അറിയിച്ചത്. ചിത്രത്തിലെ മറ്റു താരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വരും ആഴ്ചകളില്‍ പുറത്തുവിടുമെന്നും ഇവര്‍ പറഞ്ഞു.

മമ്മൂട്ടി, മുകേഷ് എന്നിവര്‍ക്കൊപ്പം രണ്‍ജി പണിക്കര്‍, സൗബിന്‍ ഷാഹിര്‍, ആശാ ശരത്ത്, സായി കുമാര്‍ തുടങ്ങിയവര്‍ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Actress Asha sarath About Mammooty CBI 5