| Thursday, 1st December 2022, 11:12 am

കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല കള്ളനുമായിരിക്കാം, പൊലീസിനെ പേടിക്കാന്‍ ഒരു കാരണമുണ്ട്: ആശ ശരത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി മലയാള സിനിമകളിലും തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആശ ശരത്ത്. ഒരുപാട് സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത തനിക്ക് പൊലീസിനെ പേടിയാണെന്ന് പറയുകയാണ് ആശ.

എന്തുകൊണ്ടാണ് തനിക്ക് ഇത്തരത്തിലൊരു ഭയമെന്ന് അറിയില്ലെന്നും പൊലീസിനെ ഭയങ്കര പേടിയാണെന്നും ആശ പറഞ്ഞു. മാതൃഭുമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പൊലീസ് പേടിയെക്കുറിച്ച് ആശ സംസാരിച്ചത്.

”പൊലീസിനെ പേടിയാണ് എനിക്ക്. എന്തിനാണ് അങ്ങനെ ഒരു പേടിയെന്ന് എനിക്ക് അറിയില്ല. ഒരുപാട് പൊലീസ് വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ഭയങ്കര പേടിയാണ്.

ചിലപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല കള്ളനുമായിരിക്കാം അതുകൊണ്ടാകും പൊലീസിനെ പേടി. ഇതിനെക്കുറിച്ച് ഞാന്‍ അമ്മയോട് ചോദിക്കാറുണ്ട്. കുട്ടികള്‍ പണ്ട് കുസൃതി കാണിക്കുമ്പോള്‍ അമ്മമാര്‍ ഓരോന്നും കാണിച്ച് പേടിപ്പിക്കില്ലേ. അതുപോലെ പൊലീസിനെ കാണിച്ചിട്ടാണോ എന്നെ പേടിപ്പിച്ചതെന്ന് അമ്മയോട് ചോദിക്കാറുണ്ട്.

ഖെദയില്‍ അമ്മ വേഷമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ ജീവിതത്തിലെ മകള്‍ തന്നെയാണ് സിനിമയിലും മകളായി അഭിനയിക്കുന്നത്. അതിലെ എന്റെ കഥാപാത്രം അങ്കണവാടി ടീച്ചറാണ്. മോളെ പഠിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്ള ട്രാപ്പിനെക്കുറിച്ചാണ് സിനിമ പറയുന്നത്,” ആശ ശരത്ത് പറഞ്ഞു.

ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ദൃശ്യത്തിലാണ് ആശ ആദ്യമായി പൊലീസ് വേഷം ചെയ്യുന്നത്. ഐ.ജി. ഗീത പ്രഭാകര്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

അനുഷ്‌ക ഷെട്ടി കേന്ദ്രകഥാപാത്രമായ ബാഗമതി എന്ന തെലുങ്ക് ചിത്രത്തിലും മികച്ച പൊലീസ് റോള്‍ ആശ ശരത്ത് അവതരിപ്പിച്ചിട്ടുണ്ട്. വൈഷ്ണവി നടരാജന്‍ എന്ന കഥാപാത്രമായാണ് ബാഗമതിയിലെത്തിയത്.

content highlight: actress asha sarath about her police fear

We use cookies to give you the best possible experience. Learn more