നിരവധി മലയാള സിനിമകളിലും തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് ആശ ശരത്ത്. ഒരുപാട് സിനിമകളില്‍ പൊലീസ് വേഷങ്ങള്‍ ചെയ്ത തനിക്ക് പൊലീസിനെ പേടിയാണെന്ന് പറയുകയാണ് ആശ.
എന്തുകൊണ്ടാണ് തനിക്ക് ഇത്തരത്തിലൊരു ഭയമെന്ന് അറിയില്ലെന്നും പൊലീസിനെ ഭയങ്കര പേടിയാണെന്നും ആശ പറഞ്ഞു. മാതൃഭുമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ പൊലീസ് പേടിയെക്കുറിച്ച് ആശ സംസാരിച്ചത്.
”പൊലീസിനെ പേടിയാണ് എനിക്ക്. എന്തിനാണ് അങ്ങനെ ഒരു പേടിയെന്ന് എനിക്ക് അറിയില്ല. ഒരുപാട് പൊലീസ് വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ഭയങ്കര പേടിയാണ്.
ഖെദയില്‍ അമ്മ വേഷമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ ജീവിതത്തിലെ മകള്‍ തന്നെയാണ് സിനിമയിലും മകളായി അഭിനയിക്കുന്നത്. അതിലെ എന്റെ കഥാപാത്രം അങ്കണവാടി ടീച്ചറാണ്. മോളെ പഠിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്ള ട്രാപ്പിനെക്കുറിച്ചാണ് സിനിമ പറയുന്നത്,” ആശ ശരത്ത് പറഞ്ഞു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ ദൃശ്യത്തിലാണ് ആശ ആദ്യമായി പൊലീസ് വേഷം ചെയ്യുന്നത്. ഐ.ജി. ഗീത പ്രഭാകര്‍ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.
അനുഷ്‌ക ഷെട്ടി കേന്ദ്രകഥാപാത്രമായ ബാഗമതി എന്ന തെലുങ്ക് ചിത്രത്തിലും മികച്ച പൊലീസ് റോള്‍ ആശ ശരത്ത് അവതരിപ്പിച്ചിട്ടുണ്ട്. വൈഷ്ണവി നടരാജന്‍ എന്ന കഥാപാത്രമായാണ് ബാഗമതിയിലെത്തിയത്.
content highlight: actress asha sarath about her police fear